
വസന്തകാലത്തിന്റെ ഋതുനാഭിയിൽ നിന്നും സന്ധ്യയുടെ ഛായയില്ലാത്ത മങ്ങിയ പ്രകാശം വാനിലാകെ പരന്നു തുടങ്ങി. ചുമന്നുതുടുത്ത സൂര്യന്റെ മുഖത്തും അസ്തമയത്തിന് മുൻപുള്ള പ്രതീക്ഷയുടെ പുഞ്ചിരി ബാക്കി നിന്നു.ചായ്പ്പിന്റെ ചാണകം മെഴുകിയ ഉമ്മറത്ത് നിന്നും വിശ്വനാഥൻ എഴുന്നേറ്റു.തല വെട്ടിപ്പുളയുന്ന വേദന. കറങ്ങുന്ന ഉലകത്തിനൊപ്പം കാഴ്ചയും ചുറ്റിവരിയുന്നു. ഉമ്മറച്ചായ്പ്പിന്റെ മുളം തൂണിൽ ചാരി ആകാശഗോപുരത്തിൽ കണ്ണും നട്ട് ഉന്മാദത്തിന്റെ വേദനയിൽ അയാളിരുന്നു.മാനത്ത് മേഘങ്ങൾക്കൊപ്പം ഒളിച്ചു കളിക്കുന്ന ചന്ദ്രൻ. ഭൂമിയെ നോക്കി നിറപുഞ്ചിരിക്കുന്നു. ഓണനിലാവിന്റെ നനുത്ത വെള്ളിത്തിളക്കത്തിനിടയിലൂടെ മേഘങ്ങളെ ഭേദിച്ച് നക്ഷത്രമൊട്ടുകൾ പൂത്തുലയുന്നു.
കണ്ണുചിമ്മിക്കൊണ്ടാ താരകങ്ങളും തന്റെ പതിദേവനൊപ്പം വിനോദത്തിലേർപ്പെടുന്ന പ്രകൃതിയുടെ അപൂർവ്വ കാഴ്ച. നിലാവിൽ പാറിപ്പറക്കുന്ന ശലഭങ്ങൾക്കൊപ്പം അയലത്തെ കുട്ടികൾ ആടിയും പാടിയും ഓണമൊരുത്സവ രാവാക്കുന്നു. ഉത്രാടം തിരുവോണത്തിന്റെ ആഘോഷരാവാണല്ലോ.
അ കൂട്ടത്തിൽ തന്റെ മക്കളുണ്ടോ എന്നയാൾ പരതുന്നുണ്ടായിരുന്നു. ഉടുമുണ്ട് ദേഹത്ത് ചുറ്റി ആ ഒറ്റമുറിക്കുടിലിനുള്ളിലെ മൺഭിത്തിക്ക് പരിക്കേൽപിച്ച് കൊണ്ടകത്തുകയറി. പേടിച്ച പേടമാൻ കുഞ്ഞുങ്ങളെപ്പോലെ അമ്മയ്ക്കരികിൽ പറ്റിച്ചേർന്നിരിക്കുന്ന തന്റെ കുരുന്നുകൾ. മരവിച്ച മനസുമായ് ചിമ്മിനി വെളിച്ചത്തിലേക്കുറ്റുനോക്കുകയായിരുന്നു ഭാര്യ. മരണം വരിക്കാനവൾ വിസമ്മതിച്ചത് തന്റെ കുഞ്ഞുങ്ങളെ ഓർത്തിട്ടാകണം. ലതികയുടെ കാൽപാദങ്ങളിൽ ചുറ്റിവരിഞ്ഞ് വിശ്വനാഥന്റെ മാപ്പേറ്റുപറച്ചിൽ. നെറുകയിൽ കൈവച്ച് സത്യം ചെയ്യൽ. പതിവ് നാടകീയതക്ക് പുതുമയില്ലാത്തത് കൊണ്ടാവാം മൗനം പാലിച്ച മരപ്പാവയെപ്പോലെ അവളിരുന്നു. സത്യം ചെയ്തൊരു കുടിയനും ഇന്നേ വരെ കുടിക്കാതിരുന്ന ചരിത്രമില്ല. പക്ഷേ വിശ്വൻ ആ ചരിത്രം തിരുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ തുടങ്ങി. നാടകീയതക്ക് തിരശ്ശീലയിട്ട ശേഷം തൊണ്ട വരൾച്ചയുടെ പരദാഹപരവേശത്തിനൊരു ശമനത്തിനായി അടുക്കളച്ചായ്പ്പിലാകെ പരതി. തിരച്ചിലിനൊടുവിൽ കിട്ടിയ പുഴുത്ത് നാറാൻ തുടങ്ങിയ കഞ്ഞിക്കലം മാറോടണച്ചയാൾ കുറ്റബോധത്താൽ വിതുമ്പി. തന്റെ ഭാര്യയും മക്കളും കഴിഞ്ഞ 24 മണിക്കൂറായി പട്ടിണിയിലാണെന്ന ബോധം ഹൃദയത്തിന്റെ ആഴത്തിലേക്ക് കുത്തിയിറക്കപ്പെട്ട ഉണങ്ങാത്ത മുറിവായി ആ നേരം മുതൽ അയാളിൽ ശേഷിക്കപ്പെട്ടു. പരിഭവങ്ങളുടേയും ഏറ്റുപറച്ചിലിന്റേയുമൊടുവിൽ അടുത്തുള്ള തന്റെ കുഞ്ഞൻപട്ടണം ലക്ഷ്യമാക്കി അയാൾ നടന്നു.
ചെറിയൊരു വ്യാപാരിയായിരുന്നു വിശ്വനാഥൻ. ചന്ത കൂട്ടുന്നിടത്ത് ചെറുകച്ചവടം നടത്തി ഉപജീവനം. വിശേഷദിവസങ്ങളിലെ അധിക കച്ചവടത്തിന് കൈനിറയെ കാശ് കിട്ടുന്നത് പതിവാണ്. മണിയനാശാന്റെ ചാരായപ്പുരയിലൊരു കുപ്പി വിശ്വന് പതിവായിരുന്നു. കൂട്ടുകാരും കൂട്ടുകെട്ടും പിന്നെ ചാരായവും അയാൾക്കൊരു ബലഹീനതയാണ്. എങ്കിലും വീട് പട്ടിണിയാകാതിരിക്കാൻ പരമാവധി അയാൾ ശ്രമിക്കാറുണ്ട്. ഓണക്കച്ചവടം പൂരാടദിനത്തിൽ നേരത്തേ മതിയാക്കി കുടിക്കാതെ കുടുംബത്തെത്താനുള്ള അയാളുടെ ശ്രമത്തെ കൂട്ടുകാർ നിഷ്പ്രഭമാക്കി. കൂട്ടുകെട്ടിന്റെ സ്നേഹം നിറഞ്ഞ വഞ്ചനയിൽ കുടിച്ചും ചീട്ട് കളിച്ചും അയാൾ നഷ്ടപ്പെടുത്തിയത് കഴിഞ്ഞ ഒരാഴ്ചയുടെ വിശ്രമമില്ലാത്ത അദ്ധ്വാനത്തിന്റെ ഫലമായിരുന്നു.
******************
ഓണക്കച്ചവടം കഴിഞ്ഞ് പാതിരാവോടടുത്തപ്പോൾ ഒന്ന് നടു നിവർക്കാൻ കിടന്നതാണ് അബ്ദുള്ളക്കുട്ടി. നിർത്താതെയുള്ള കാളിംഗ് ബല്ലിന്റെ ഒച്ചയിൽ പ്രാകിക്കൊണ്ടയാളെഴുന്നേറ്റ് വന്നു.
കൂട്ടുകാരനായ വിശ്വനെക്കണ്ടയാളാകെ അമ്പരന്നു. കൈ കൂപ്പി തനിക്ക് മുന്നിൽ സഹായമഭ്യർത്ഥിക്കുന്ന സഹപാഠിയായിരുന്ന കൂട്ടുകാരനെ എങ്ങനെയാണ് അവഗണിക്കുക?
വീടിനോട് ചേർന്നുള്ള തന്റെ കട തുറന്ന് അവനും കുടുംബത്തിനുമാവശ്യമുള്ളതൊക്കെ ആവോളമെടുത്ത് തന്റെ പഴയ സൈക്കിളിൽ കയറ്റി മടക്കി അയച്ചു. ഉപദേശങ്ങളുടെ കെട്ട് അബ്ദുള്ള വിശ്വനാഥന് മുന്നിൽ അന്നേരം തുറന്നില്ല.
വിശ്വന്റെ സംഭാഷണത്തിലും പെരുമാറ്റത്തിലുമുണ്ടായ വ്യത്യാസം അബ്ദുള്ളയിലും പ്രതീക്ഷ ബാക്കിവയ്പ്പിച്ചു. വിശ്വനാഥന്റെ കടം പറ്റൽ പറ്റു ബുക്കിലല്ല, തമ്പുരാൻ തന്ന സക്കാത്തിന്റെ പുസ്തകത്തിൽ സ്നേഹത്തോടെ എഴുതിച്ചേർക്കുമ്പോൾ അവന് വേണ്ടി നെഞ്ചിൽ കൈവച്ച് പ്രാർത്ഥിക്കാൻ അദ്ദേഹം മറന്നതുമില്ല. ഉമ്മറച്ചായ്പ്പിൽ ചാക്ക് കെട്ട് വീഴുന്ന ശബ്ദം കേട്ട് ലതിക പുറത്തിറങ്ങി. ഓണനിലാവിന്റെ പുത്തൻ വെളിച്ചത്തിൽ പുതിയൊരു ജീവിത മാറ്റത്തിന്റെ അനുഭൂതി അവളിൽ പുതു പ്രതീക്ഷയുണർത്തി. രാത്രി അതിന്റെ മൂന്നാം യാമത്തിലേക്ക് കടന്നു. തന്റെ ഭ്രാന്തിന് സ്വയം ചികിത്സയെന്നോണം കിണറ്റിൻ കരയിൽ നിന്ന് മതിവരുവോളം അയാൾ കുളിച്ചു തീർത്തു.
തിരക്കിട്ട് പാചകം ചെയ്യുന്ന ഭാര്യയ്ക്കരികിലെത്തി ചെറിയ ചില സഹായങ്ങൾ. അവളുടെ പിന്നിലൂടെ ചേർന്ന് നിന്ന് പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു. എന്നിട്ട് ചെവിയിൽ മെല്ലെ പറഞ്ഞു, എന്റെ ലതയാണെ വിശ്വനിനി കുടിക്കില്ല.
ഇടംകൈ കൊണ്ടവൾ വിശ്വന്റെ കവിളിൽ ചേർത്ത് പിടിച്ച് അയാളുടെ നെഞ്ചിൽ ചാരി നിന്നു. അവളുടെ ഇടനെഞ്ച് വിമ്മിയ ദീർഘനിശ്വാസത്തിന്റെ ചൂടിൽ എരിഞ്ഞടങ്ങിയൊരു കനൽക്കട്ട തെറിച്ചു വീണു.
****************
1985 ലെ ചിങ്ങമാസത്തിലെ ആ ഓണം നാളിൽ നടന്ന തന്റെ അനുഭവകഥ ഇന്നീ തിരുവോണം നാളിൽ കൊച്ചുമക്കളോട് പങ്കുവച്ച് കൊണ്ട് വിശ്വനാഥൻ കണ്ണ് തുടച്ച് കഥ നിർത്തി. മക്കളും മരുമക്കളും പേരക്കിടാങ്ങളും സ്വന്തമായൊരു കച്ചവട സ്ഥാപനവും സ്വർഗം പോലെ സുന്ദരമായൊരു വീടും വാഹനവും എന്ന് വേണ്ട അത്യാവശ്യം ഒരു ജന്മിയാകാനുള്ള ഭൂസ്വത്തും സ്വന്തമാക്കി അയാളിന്ന് ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം വാർദ്ധക്യം ആസ്വദിക്കുകയാണ്. കൊവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധി പൊതുവേ ബുദ്ധിമുട്ടിപ്പിച്ചെങ്കിലും തന്റെ ഉറ്റ ചങ്ങാതി, പരേതനായ അബ്ദുള്ളക്കുട്ടി പകർന്ന് വച്ച സക്കാത്തിന്റെ കണക്കുപുസ്തകം വിശ്വനാഥൻ തന്റെ ജന്മനാടിനായി പകർന്നുനൽകി.