
ഒരു അന്തർദേശീയ കമ്പനിയായ ഇംപാക്ടിന്റെ മുംബയ് ശാഖയിലെ പ്രൊജക്ട് മാനേജറായ ജേക്കബ് ലോന അൻപതുകോടിയുടെ ഒരു ഡീൽ സംബന്ധമായി തിരുവനന്തപുരത്തെത്തിയതാണ്. സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്തുള്ള ഗീതാ ഗാർഡൻസ് എന്ന നക്ഷത്രഹോട്ടലിൽ പദവിക്കൊത്ത വിധം മുറി എടുത്ത് കുളിച്ച് സ്വൽപ്പം കഴിച്ച് ശാന്തമായി ലാപ്ടോപ്പിൽ പ്രൊജക്ട് റോഡ് മാപ്പ് തയ്യാറാക്കുകയായിരുന്നു അയാൾ. മന്ത്രിമുതലിങ്ങു താഴൊട്ടുള്ളവരെ കാണണം. പൊളിറ്റിക്കൽ ലീഡേഴ്സ്, ഇടനിലവീരൻമാർ. മാദ്ധ്യമങ്ങൾ. അവസാനം വകുപ്പു മന്ത്രിയുമൊത്ത് ഒരു പത്രസമ്മേളനവും വി.ഐ.പി ലഞ്ചും. അതെങ്ങനെയായിരിക്കണം? സ്പ്ലെന്റിഡായിരിക്കണമെന്നാണ് സി.ഇ.ഒ ആഷിഷ് പട്ടേൽ പറഞ്ഞത്. മീഡിയാ പ്രൊജക്ഷനിലാണ് കമ്പനിയുടെ ഇമേജ്.
മൊബൈൽ ശബ്ദിച്ചു. ഫോണിൽ അപ്പൻ തെളിഞ്ഞു. കുഴി തടത്തിൽ ലോനാ ഉപ്പായി. മനസ് ആളി. കുറ്റബോധം കൊണ്ട്. തന്തപ്പടീടെ ജൻമവാസനയാ. ടെൻഷനടിച്ചിരിക്കുമ്പഴേ വിളിക്കൂ. ഇനിയിപ്പം ഇടുക്കിഡാം തുറന്നു വിട്ടതുപോലെ അൺപാർലമെന്ററി കേൾക്കാം. എടുക്കണോ?പണ്ട് കുഴി തടത്തിൽ, പെരുമഴേത്ത് ഊളൻ വിളി കേട്ട് പേടിക്കുമ്പോൾ അടുത്ത് ചേർത്തുകിടത്തി ആ വിശാലനെഞ്ചിന്റെ ചൂട് പകർന്നുതന്നതിന്റെ ആശ്വാസം എങ്ങനെയോ മനസിൽ കേറിവന്നു. കമ്പനീം പ്രോജക്ടും പ്രഷറും വെല്ലുവിളിയായപ്പോൾ അപ്പോഴത്തെ കൊഴാമറിച്ചിലീൽ നിന്നൊരഭയം കൊതിച്ചപ്പോൾ ആവേശത്തോടെ ഫോൺ കയ്യിലെടുത്തു.
''എടാ ചാക്കപ്പാ ഇത് ഞാനാ...നിന്റപ്പൻ കുഴിതടത്തിൽ ലോനാ ഉപ്പായി. നീ എന്നാ എടുക്വാ അവിടെ?""
''അപ്പാ അധികം നീട്ടല്ലേ. ഞാനിത്തിരി സീരിയസാ.""
''എന്നാലേ, ഞാനും സീരിയസാ. .എന്നാത്തിനാടാ നീ കെടന്ന് സീരിയസ്സാവ്ണെ. എടാ ആലപ്പൊഴേലെ പുഞ്ചേം ഇടുക്കീലെ ഏലവും വയനാട്ടിലെ കാപ്പീം ചക്കുകളും മില്ലുകളും ബോട്ടുകളും ഹോട്ടൽ ശൃംഖലകളും ഒറ്റക്ക് നോക്കണ എനിക്കില്ലാത്ത എന്നാ സീരിയസാടാ നെനക്ക്?""
അതപ്പന് മനസിലാവുകേല.നിങ്ങളൊക്കെ മുതലാളിമാരാ.ഞങ്ങൾ തൊഴിലാളികളാ.""
''എന്നാത്തിനാ നീ തൊഴിലാളിയായി അവിടെക്കെടന്ന് പിണ്ഡം വയ്ക്കണെ? നെനക്കെന്നാത്തിന്റെ ചൊറിച്ചിലാ കുരുത്തം കെട്ടോനെ...""
''ഒരാഴ്ചേം വിടാതെ പോവൂല്ലൊ പള്ളീല്. എന്നിട്ടും കർത്താവിന്റെ പ്രധാന ഉദ്ബോധനമൊട്ടറിയേമില്ല.""
''അതെന്നതാ?""
''വിയർക്കാതെ അപ്പം തിന്നരുതെന്ന്.""
''എടാ നെനക്ക് കിട്ടീരിക്കണെ നിന്റമ്മേടെ പാരമ്പര്യാ. അവടപ്പൻ കോരക്കണ്ടം വർക്കി കിളയക്കാരനല്ലരുന്നോ? ഹൈറേഞ്ച്ൽ ചെന്നു കെടന്ന് കപ്പേം പോത്തും വെട്ടി വിഴുങ്ങി മഴേം നനഞ്ഞ് കെളച്ചൊണ്ടാക്കീതാ എല്ലാം. എത്ര ഒണ്ടാക്യാലും പഴേ ദാരിദ്ര്യം സ്വഭാവത്തേന്ന് പോ വുകേല.""
''എന്നാലും കൊച്ചുത്രേസ്യേ, കൊച്ചോത്രേസ്യേന്ന് വിളിച്ചോണ്ടു നടക്കണ കണ്ടട്ടൊണ്ടല്ലൊ എന്റമ്മച്ചീടെ പൊറകെ?""
''ച്ചീ പോഡാ. എടാ, വെയർക്കാതേം അപ്പം തിന്നാം. അതിനോക്ക തലവര തെളിയണമെന്നല്ലേ കർത്താവ് പറഞ്ഞത്.""
''അപ്പറഞ്ഞത് മോലാളിമാരടെ പുത്യ ബൈബിൾ. ലോനാച്ചമ്മാരിങ്ങനാ. മക്കടെ വികാരങ്ങൾ ചവിട്ടിത്തേച്ചിട്ട് വെട്ടിപ്പിടിക്കാൻ നടക്കും. അവസാനം ഹോംനേഴ്സിന്റെ മടിയെക്കെടന്നു പരലോകം പൂകും.""
''നീ പറഞ്ഞതൊക്കെ ദരിദ്രവാസികടെ സുവിശേഷമാ... മക്കടെമേൽ അപ്പനമ്മമാർക്കാടാ വികാരം!""
''ആ...എന്നതോ ആവട്ട് , എന്നാത്തിനാ ഇപ്പം എന്നെ വിളിച്ചേ?""
''എടാ കണ്ണീച്ചൊരേല്ലാത്തോനെ വിളിച്ചതെന്നാത്തിനിനാന്നറിയേല അല്യോടാ!""
''ഓ, എനിക്കെങ്ങും അറിയേല. ഒന്നു വേഗം പറഞ്ഞ് തൊലച്ചാട്ടെ. എനിക്ക് പണീണ്ട്.""
''എടാ തന്തേല്ലാത്തൊനെ! എന്റെ ചോരേല്ല്യൊടാ നീ.""
ജേക്കബ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
''ഇതുരണ്ടും തമ്മിൽ ചേരുന്നില്ലല്ലോ തന്തെ?ചുമ്മാ കണാകൊണാന്ന.""
''എടാ കർത്താവിന് നെരക്കാത്ത വർത്താനം പറേല്ല്! ജനിപ്പിച്ചോന്റൂടാണ് ചളുവാ പറേണതെന്ന വെവരം വേണം നെറികെട്ടോനെ.""
''അപ്പാ, എന്റ പോന്നും കൊടത്തപ്പാ... മത്തൻ കുത്ത്യാ കുമ്പളം കിളിക്കോ? പറ. ഇപ്പ എന്നാത്തിനാ എന്നെ വിളിച്ചോ?""
''നിന്നെ എനിക്കൊന്നു കാണണം. ദാ ഇപ്പം തന്നെ. പത്തും പലതുമൊണ്ടാടാ എനിക്ക്. പറേടാ. സ്വന്തം അപ്പനെ ഒരുനോക്കു കണ്ടിട്ട് എത്ര കൊല്ലായെടാ നീ. നിന്നെക്കാണുന്നേന് പകരം കുശിണിക്കാരൻ തൊമ്മിന്യേ കണ്ടാ മതിയൊടാ ഞാൻ.""
''അതെനിക്കറിയാമ്മേല.""
''ബ്ഭ്! അസ്സത്തെ!""
''എന്തായാലും ഒടനേ നടക്കേല.""
''എന്നാ കേട്ടോ. നീ ഇന്നു വന്നില്ലേൽ നീ പിന്നെ എന്നെ കാണുകേലാ. പിന്നെ നിന്റിഷ്ടംപോലെ.""
അപ്പൻ ഫോൺ വച്ചു കളഞ്ഞു. ജേക്കബ് തിരിച്ചു പലപ്രാവശ്യം വിളിച്ചു. അപ്പൻ പ്രതികരിച്ചില്ല.
കുഴിതടത്തിലെ കാട്ടിൽ ഊളൻ വിളിക്കുമ്പോൾ തേള ഇടിപ്പോടെ അപ്പന്റ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നുറങ്ങാറുള്ളത്, ചേരയെ ഓടിച്ചതിനും പട്ടിയെ എറിഞ്ഞതിനും പറങ്കിമാവിൽ കേറിയതിനും തല്ലിയിട്ട് വൈകിട്ടു വന്ന് തല്ലിയ ഭാഗം തടവിക്കൊണ്ട്നൊന്തൊ എന്ന് ചോദിക്കുന്നതും നൊന്തെന്ന് തല കുലുക്കുമ്പോൾ ഇനി തല്ലുകേല എന്നു പറയുന്നതും പ്രോഗ്രസ്കാർഡിൽ മാർക്കു കുറയുന്നതിന് അമ്മച്ചി ശകാരിക്കുമ്പോൾ അടുത്തു വിളിച്ച് ഉമ്മ തന്നിട്ട്, അവനെന്നാത്തിനാടീ മാർക്ക് എന്ന് അമ്മച്ചിയോട് ചോദിക്കുന്നത്........
ഗ്ലാസ് പിന്നെയും പിന്നെയും നിറഞ്ഞൊഴിഞ്ഞു. വല്ലാത്തൊരസ്വസ്ഥതയും അരക്ഷിതാവസ്ഥയും അപ്പന്റെ സാമീപ്യം കൊതിപ്പിച്ചു. അപ്പന്റെ അടുത്ത് ഇന്ന് പോകാനാവില്ല. ചില അപ്പോയ്ൻമെന്റുകൾ തരപ്പെടുത്തിയിട്ടുണ്ട്. ജേക്കബിന് ഒരു ദിവസംകുടി കഴിഞ്ഞേ വീട്ടിലേയ്ക്ക് തിരിക്കാനായുള്ളൂ. ബ്രീഫ്കേസ് തുറന്ന് ചേർച്ച നോക്കാതെ കണ്ണീക്കണ്ട പാന്റ്സും ഷർട്ടുമെടുത്തിട്ടു. ഊബർ വരുത്തി.
ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം മെയിൻ റോഡിൽ നിന്ന് കുഴിതടത്തിലേയ്ക്കുള്ള കൊച്ചുറോഡിലേയ്ക്ക് തിരിയുന്ന മുക്കിലെത്തിയപ്പോൾ ഒരജ്ഞാത പ്രേരണ കൊണ്ടെന്ന പോലെ കാർ നിർത്താൻ പറഞ്ഞു. ഒരവ്യക്തസ്വപ്നംപോലെ പഴയമൂങ്ങാപ്പാറമുക്ക്. മുൻവശത്ത് ഓലകെട്ടി വരാന്തയിറക്കിയ കന്നങ്കറുപ്പൻ മത്തായിച്ചന്റെ പെട്ടിപ്പീടിക. സ്വല്പം മാറി ഡ്രൈവർ ഗോപാലപ്പിള്ളയുടെ വേലികെട്ടിയ ഓലമേഞ്ഞ വീടും കിണറും മുറ്റത്തെ തെറ്റിയും ചെമ്പരത്തിയും നന്ത്യാർവട്ടവും. എതിർവശത്ത് ചുമടുതാങ്ങിക്കപ്പുറത്ത് റബ്ബർതോട്ടവും തോട്ടത്തിന്റെ നടുവിലൂടെ പോകുന്ന പ്രൈമറി സ്കൂളിലേയ്ക്കുള്ള വെട്ടുവഴിയും മനസിലെത്തി നോക്കി. ഇപ്പോൾ പെട്ടിപ്പീടിക ഇരുന്നിടത്ത് കോൺക്രീറ്റ് ചെയ്ത രണ്ടുമുറിക്കട. ഗോപാലപിള്ളയുടെ വേലികെട്ടിയ വീടിനു പകരം മതിലുകെട്ടിയ കോൺക്രീറ് റ് കെട്ടിടം. ചുമടുതാങ്ങിയുടെ ഭാഗത്ത് ദീർഘചതുരാകൃതിയിലുള്ള ഹോട്ടൽ. സ്കൂളിലേയ്ക്കുള്ള വെട്ടുവഴി കീലിട്ടിരിക്കുന്നു. ജി.എച്ച്.എസ് മൂങ്ങാപ്പാറ എന്ന ബോർഡും... ചെറിയ മാറ്റങ്ങൾക്കിടയിൽ വലിയ ശ്വാസംമുട്ടലൊന്നും കൂടാതെ പഴയമൂങ്ങാപ്പാറ കിടക്കുന്നു.
കുഴിതടത്തിലേയ്ക്കു പോകാൻ വെട്ടുവഴിയല്ല. വീതിയുള്ള ടാർ റോഡാണ്. ഏതാണ്ട് അരക്കിലോ മീറ്റർ പോയാൽ തൂക്കണാം കുന്നിൽ നിന്നിറങ്ങി വരുന്ന കൊങ്ങമ്പാറയാറ്. ആറ്റിലെ വീതികുറഞ്ഞ മരപ്പാലം കയറിയിറങ്ങുന്നത് കുറ്റിക്കാട്ടിലെ നടപ്പാതയിൽ. കുറ്റിക്കാട്ടിൽ പെരുവലച്ചെടികൾ ചുവന്ന കിരീടപ്പൂക്കളുമായി മരങ്ങൾക്കിടയിൽ മരങ്ങളുടെ ഔദാര്യംപോലെ നിന്നിരുന്നു. അവയെ കെട്ടിവരിയുന്ന കരിലാഞ്ചിവള്ളികളുടെ മുള്ള് അവ സ്നേഹംകൊണ്ട് സഹിച്ചു നിന്നു. കാമുകന്റെ മുഖത്തെ കുറ്റിരോമം രസിച്ച് സഹിക്കുന്നപോലെ. കൊങ്ങമ്പാറയാറ് അവിടെയെത്തുമ്പോൾ സമതലമായതുകൊണ്ട് വേഗം കുറഞ്ഞ് പാറക്കല്ലുകളുടെ ശയ്യയിൽ കിടന്ന് കരകളിൽ കയ്യിട്ട് തളർച്ചയാറ്റി കിളികളുടെ പാട്ടുമായിച്ചേർന്ന് പതുക്കെ ഒഴുകും. വണ്ടി ആറ്റുതീരത്ത് ഇടേണ്ടി വന്നില്ല. മരപ്പാലം വീതിയേറിയ കോൺക്രീറ്റുപാലമായിരിക്കുന്നു. മുമ്പാണെങ്കിൽ തടിപ്പാലത്തിൽ വണ്ടികേറാത്തതിനാൽ രണ്ടു കിലോമീറ്റർ ചുറ്റണം കുഴിതടത്തിൽ ബംഗ്ലാവിലെത്താൻ. അല്ലെങ്കിൽ മരപ്പാലത്തിനടുത്ത് വണ്ടിയിട്ടിട്ട് നടക്കണം. കിരീടപ്പൂക്കളുള്ള പെരുവലമെവിടെ? കരിലാഞ്ചിയെവിടെ? കുഞ്ഞുചെടികൾക്കും പൂക്കൾക്കും തണലായ കരുത്തുറ്റ മരങ്ങളെവിടെ? പകരം ജെ. സി. ബി ഇറക്കിയിട്ടിരിക്കുന്ന കരിങ്കല്ലും കമ്പിയും ഷെഡ്ഡുകളും ഫൗണ്ടേഷനുകളും നിർമ്മാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ കെട്ടിടങ്ങൾ, സ്പോർട്സ്ക്ലബ്ബ്, ബസ് സ്റ്റോപ്പ്... രാത്രിയിലെ കലാപരിപാടികൾക്കായി ഇനി കുറുക്കൻമാർ എവിടെ ഒളിച്ചിരിക്കും?
കുഴിതടം ഗ്രാമം ഏതോ പെരുന്തച്ചൻ മാറ്റിപ്പണിതിരിക്കുന്നു.കല്ലുമാലയിട്ട കാട്ടുമങ്കയെപ്പോലെ പരിഹാസച്ചിരി തൂകിനിൽക്കുന്നതായി ജേക്കബ്ബിനു തൊന്നി.തോടും വയലും കണ്ടില്ല.അങ്ങുമിങ്ങും വെട്ടുവഴികൾ. കുഴിതടത്തിൽ ബംഗ്ലാവ് കണ്ടുപിടിക്കുക ദുഷ്കരമായി. മൺമറഞ്ഞ കുഴിതടത്തിന്റെ ആത്മാവ് അവിടെ വീർപ്പുമുട്ടി നിൽക്കുന്നപോലെ തോന്നി.അപ്പനെ വിളിച്ച് വീട്ടിലേയ്ക്കുള്ള വഴി ചോദിക്കാൻ ധൈര്യമുണ്ടായില്ല. ഗൂഗിൾമാപ്പിൽ കുഴിതടത്തിൽ ലോനാച്ചന്റെ ബംഗ്ലാവുണ്ടാകില്ല. കുഴിതടം ഒരു ഗ്രാമമാണെങ്കിലും ഇന്നത് മാഞ്ഞുമാഞ്ഞ് ലോനാച്ചനായി മാറി.കുഴിതടത്തിൽ ലോനാച്ചൻ. ഉപബോധമനസിന്റെ പ്രേരണകൊണ്ടോ എന്തോ ജേക്കബ് വണ്ടി നിർത്താൻ പറഞ്ഞു. അങ്ങുദൂരെ റബ്ബർമരങ്ങൾക്കിടയിൽ മൂന്നു നിലയിൽ വലിയ ബംഗ്ലാവ്, ആ പ്രദേശം നിറഞ്ഞു നിൽക്കുന്നു. തന്റെ ബാല്യകൗമാരയൗവനങ്ങൾ അവിടെയിരുന്നു പറയുന്നു: ഇത് ലോനാച്ചന്റേതു തന്നെ. ഇരുപത്തിനാലാം വയസിൽ അപ്പനുമായി പിണങ്ങിപ്പോയതാണ്. കുരുമുളക് വീടാംതോറും കേറിയിറങ്ങി വാങ്ങി തലച്ചുമടായികൊണ്ടുചെന്ന് മൊത്തക്കച്ചവടക്കാരനു വിൽക്കുന്ന ദരിദ്രവ്യാപാരി പൊന്നുപിള്ളയുടെ മകൾ കസ്തൂരിയെ പ്രേമിച്ചത് കുരുമുളക് ലോറികളിൽ കേറ്റി ആലപ്പുഴേലും കൊച്ചീലും അയക്കുന്ന അപ്പന് സുഖിച്ചില്ല.നിത്യവും വഴക്കായി. മാത്രവുമല്ല പൊന്നുപിള്ളയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ സഹികെട്ടിറങ്ങിപ്പോയി, സ്വയം ഉണ്ടാക്കിയ ജോലിയാണ്. കസ്തൂരിയെ പിന്നെ കണ്ടില്ല.അവളിന്നും മനസ്സിന്റെ കസ്തൂരിമണമായി നിൽക്കുന്നു. അന്ന് അമ്മച്ചിയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ താനിഷ്ടപ്പെടുന്ന പെണ്ണിനോട് പൊറുക്കുമായിരുന്നു. തീർച്ചയായും പറയുമായിരുന്നു. നമുക്ക് നമ്മടെ കൊച്ചല്യോ വലുത്. പണോം ജാതീം മതോമൊക്കെ പിന്നീടല്യോ! അവന്റെ സന്തോഷമല്ലാതെ നമക്ക് പിന്നെന്നതാ. കസ്തൂരിയെ അന്വേഷിക്കണം,വെറുതേ ഒന്നു കാണണം, സുഖമാണോ എന്ന് ചോദിക്കണം. വണ്ടി നേരെ വിടാൻ പറഞ്ഞു. വലിയ ഗേറ്റിനു മുമ്പിലെത്തി. വണ്ടി തിരിച്ചയച്ചു. ഗേറ്റിന്റെ കൊളുത്തിളക്കി അപ്പൻ തന്നെ ഇറങ്ങി വന്നു.അപ്പൻ അപ്പന്റ സ്ഥിരം വേഷമായ വെള്ള ഖദർജൂബായും ഖദർ ഒറ്റമുണ്ടും തന്നെയാണ് ധരിച്ചിരിക്കുന്നത്.ആ പൊക്കം മാത്രമേ ഉള്ളൂ. തടി ശോഷിച്ചിരിക്കുന്നു. തന്നെ കണ്ടതിനാലാവും മുഖത്ത് തിളക്കം. അപ്പൻ ചിരിച്ചു. ജേക്കബ് കരഞ്ഞു.
''വാടാ!""
അപ്പൻ വിളിച്ചു. ജേക്കബ് പുറകേ ചെന്നു. മുറ്റത്തു നിന്ന ചിലർ അയാളെ അത്ഭുതത്തോടെ നോക്കി. പെറ്റുവീണു വളർന്ന വീട്ടിലെ അദൃശ്യയായ അമ്മച്ചിയ്ക്കൊപ്പം അപ്പനുമായുള്ള പുനഃസമാഗമവികാരവൈവശ്യം! പിടിച്ചു നിൽക്കാൻ വേണ്ടി അയാൾ തൊമ്മിച്ചേട്ടാ ചായ എന്ന് വിളിച്ചുകോണ്ടകത്തേക്കോടി.
''അവനവിടില്ലെടാ...പള്ളീലെങ്ങാണ്ട് പോയിരിക്യാ...""
ലോനാച്ചൻ പറഞ്ഞു. പ്രക്ഷുബ്ദ്ധമായ മനസ്സിനെ നിയന്ത്രിക്കാൻ പാടുപെടുന്ന ജേക്കബിനെ അതറിഞ്ഞതുപൊലെ മൂർദ്ധാവിൽ തലോടിക്കൊണ്ട് ലോനാച്ചൻ പറഞ്ഞു:
''അപ്പനെല്ലാം പൊറുത്തെടാ,വണ്ടിഎട് നമുക്ക് പള്ളിയേലൊട്ട് ചെല്ലാം.""
കാറിന്റെ താക്കോലെവിടെ എന്നു ചോദിച്ചപ്പോൾ വാതിൽക്കൽ വന്നു തലകാട്ടിയ സ്ത്രീ സൂക്ഷിച്ചു നോക്കി. അവനെ മനസിലായതുപോലെ അതെടുത്ത് കൊണ്ടു കൊടുത്തു.ാജേക്കബ് വീട്ടിലെ ബി.എം.ഡബ്ല്യു കാറിറക്കിയപ്പോൾ ലോനാച്ചൻ പുറകിൽകയറി ചാരിക്കിടന്നു. കർത്താവിന്റെ സന്നിധിയിൽ അപ്പനും മോനുമിടയിലുള്ള അഴുക്ക് കഴുകിക്കളയാനായിരിക്കും. അതോ ഹിന്ദുപെണ്ണിനെ മനസിൽ കൊണ്ടുനടന്നതിനൊരു രണ്ടാം മാമോദീസയോ? ചിന്തിച്ചപ്പോൾ ജേക്കബിന്റെ ചുണ്ടിൽ നേർത്ത മന്ദഹാസം വിരിഞ്ഞു.റബ്ബർതോട്ടത്തിന് നടുവിലെ റോഡിലൂടെ കാർ മുന്നോട്ടു നീങ്ങി. കാറിലെ നിശ്ശബ്ദത ജേക്കബ്ബിനെ വല്ലാതെ വീർപ്പുമുട്ടിച്ചു. അപ്പൻ കുറേ തെറിവിളിച്ചെങ്കിലും വേണ്ടില്ലായിരുന്നു. അയാൾ ചൊദിച്ചു:
''കട്ടപ്പനക്കാരാരും വരാറില്ലേ അപ്പാ?അമ്മാച്ചമ്മാര്.""
പിടിച്ചില്ലാരിക്കും. മിണ്ടുന്നില്ല.അമ്മച്ചീടെ ആങ്ങളമാരല്ലേ....
മൊബൈൽ ശബ്ദിച്ചു. സി.ഇ.ഒ ആഷിഷ് പട്ടേൽ. പ്രോഗ്രസ് റിപ്പോർട്ട് ചോദിച്ചു.
''ഞാനങ്ങോട്ടു വിളിക്കാം സാർ.""
പറഞ്ഞുകൊണ്ട് ഫോൺ കട്ടു ചെയ്തു.
പോരാൻ നേരത്തെ സി.ഇ.ഒയുമായുള്ള സംഭാഷണം മനസിലേക്ക് കയറി വന്നു. ബോർഡ് മീറ്റിംഗിനുശേഷം സി.ഇ.ഒയുടെ സ്യൂട്ടിൽ ഒറ്റയ്ക്കിരുന്ന് അവർ മദ്യപിച്ചു. ജേക്കബിന് വ്യക്തിപരമായി ചില ഉപദേശങ്ങൾ നൽകാൻ, ജേക്കബിന്റെ സംശയങ്ങൾ ദൂരീകരിക്കാൻ. ഒരു മോട്ടിവേഷൻ ക്ലാസെന്ന നിലയിൽ. ജേക്കബ് പേടി അറിയിച്ചു:
''കേരളത്തിൽ പൊളിറ്റിക്കൽ അരീന...ഇറ്റ്സ് ടൂ പ്രൊവോക്കേറ്റീവ് നൗ സർ!.അറിഞ്ഞും കണ്ടുമൊക്കെയേ അവർ കരു നീക്കൂ.""
''ദാറ്റ്സ് നൺ ഓഫ് അവർ ബിസിനസ്. ദോസ് ആർ ആൾ ദേർ ഓൺ ഹെഡ്ഡേക്ക്സ്. വീ ഏർ പ്രോഫിറ്റ് ഹണ്ടേഴ്സ്.""
സി ഇ ഒ പറഞ്ഞു. കാറ് പത്താം കല്ലിലെ കയറ്റം കയറിയപ്പോൾ കുന്നുംപുറത്തെ കാറ്റുകൊള്ളാൻ എ.സി.ഓഫാക്കി വിൻഡ് ഗ്ലാസ് താഴ്ത്തിവച്ചു. റബ്ബറിലകളെ കിലുക്കിക്കൊണ്ട് കാറ്റു വന്നുകയറി. മരങ്ങളിൽ തളർന്നു വീഴുന്ന സായാഹ്നത്തെ തലോടുന്ന ചിലയ്ക്കുന്ന കിളികൾ.സന്തോഷം വന്നപ്പോൾ അയാൾ അപ്പനോടു തമാശ പറഞ്ഞു:
''ഇപ്പഴും മഴേത്ത് ഊളൻ വിളിക്കാറുണ്ടോ അപ്പാ?""
എങ്ങനെ മിണ്ടും? കാടും തോടുമൊക്കെ കൺസ്ട്രക്ഷൻ കമ്പനിക്കാർ മുടിച്ചപ്പോൾ പഞ്ചായത്തുമെമ്പറുടെ വികസന ബഡായികേട്ട് ചായേംകൊടുത്തു വിട്ടിരിക്കുമല്ലോ. കരാർ അപ്പനുതന്നെയായിരിക്കുകയുംചെയ്യും.
പള്ളിക്കു മുന്നിലെ റോഡിലെത്തി. ഉണ്ണിയേശുവിനെ എടുത്തു നിൽക്കുന്ന കന്യാമറിയത്തിന്റെ പ്രതിമ നിൽപ്പുള്ള കുരിശടിയും ഇടതു വശത്തുകൂടി മുകളിലേയ്ക്കു പോകുന്ന പടിക്കെട്ടും കണ്ടപ്പോൾ ജേക്കബിന്റെ ഓർമ്മയിൽ തെളിഞ്ഞു. മുമ്പ് പ്രഭാതനമസ്ക്കാരത്തിനും സന്ധ്യാനമസ്കാരത്തിനുമൊക്കെ പോകുമ്പോൾ സാരിത്തലപ്പു പിടിച്ച് മൂടുപടമിട്ടുകൊണ്ട ്ഈ പടികയറുന്ന അമ്മച്ചിക്കൊപ്പം നടന്നത്. അച്ചൻ കുർബാന ചൊല്ലുമ്പോൾ കുർബാനക്രമം നിവർത്തി നിന്ന് ഏറ്റുചൊല്ലുന്ന അമ്മച്ചിക്കൊപ്പം നിന്നത്. അപ്പനപ്പോഴൊക്കെ മലഞ്ചരക്ക് വ്യാപാരത്തിന് ആലപ്പുഴേലൊ കൊച്ചീലൊ ഒക്കെയായിരിക്കും. കാറ് പടിക്കെട്ടിന്റെ ഇടതു വശത്തുള്ള റോഡിലൂടെ പള്ളിമുറ്റത്തെത്തി. അവിടെക്കിടക്കുന്ന ആംബുലൻസിനടുത്ത് ധാരാളംപേർ നിൽപ്പുണ്ട്. അപ്പന്റെ പ്രിയപ്പെട്ട ബന്ധുക്കളോ സുഹൃത്തുക്കളോ മരിച്ചിരിക്കുന്നു. അതായിരിക്കും കാറിൽ വച്ച് ഒന്നും മിണ്ടാതിരുന്നത്. ഡോർ തുറന്നിറങ്ങി അപ്പനെ ഇറക്കാൻ പിന്നിലേയ്ക്കു ചെന്നപ്പോൾ, അപ്പനിറങ്ങി പൊയ്ക്കഴിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ. ആ പഴയ സ്വഭാവം വിട്ടിട്ടില്ല. നീ വാ എന്നോ... ഞാൻ ചെല്ലട്ടെ എന്നോ പറയുന്നതിലൊക്കെ അപ്പൻ പിശുക്കും. അനാവശ്യമായി ഒന്നും ചെലവാക്കാത്തവനല്ലേ നല്ല ബിസിനസ് മാൻ. മകന് വിലയിട്ട് കസ്തൂരിയെ കാണിക്കാതെ നല്ല കസ്റ്റമർക്കായി ഷോറൂമിൽ മാറ്റിവച്ചത്. ജേക്കബ് വണ്ടി ഒതുക്കിയിട്ടിട്ട് മാറി നിന്നു.ആംബുലൻസ് തിരിച്ചുപോകാനായി റിവേഴ്സെടുത്തു. അയാൾക്കഭിമുഖമായി നിർത്തിയിട്ട് ഫോർവേഡ് ഗിയറിട്ടു. ജേക്കബ് ആംബുലൻസിന്റെ മുന്നിൽ ഒട്ടിച്ചിരുന്ന ഫോട്ടോയിലേയ്ക്കുനോക്കി. പെട്ടെന്നൊരിടിത്തീ വീണു പ്രകാശം കെട്ടു. തളർന്നു വീഴുന്നതിനു മുമ്പ് ആരോ താങ്ങി. എപ്പോഴോ വെളിച്ചം വന്നപ്പോൾ സെമിത്തേരിയിൽ നിന്ന് കന്യാസ്ത്രികളും അച്ചൻമാരും ജനക്കൂട്ടവും ശോകമൂകരായി പള്ളിമുറ്റത്തേയ്ക്കു കയറി വരുന്നു. പരിചയമുള്ളതും ഇല്ലാത്തതുമായ മുഖങ്ങൾ.
ആരോ സംസാരിച്ചുകൊണ്ടുപോകുന്നു:
''എഴുപത്തെട്ടുവയസ്സായി.അറ്റാക്കാ.""
സെമിത്തേരിയിൽ പച്ചമണ്ണിളകിക്കിടക്കുന്നിടത്ത് അമ്മാച്ചൻമാരുടെ നടുവിൽ നിന്നപ്പോൾ കൂരിരുട്ടിൽ കാണുന്ന ഒരു ദുഃസ്വപ്നമെന്നു തോന്നി! ആരോ ജേക്കബിനെ താങ്ങി. ജേക്കബ് അർദ്ധബോധാവസ്ഥയിൽ പച്ചമണ്ണിൽ മുട്ടുകുത്തി....അവന്റെ കണ്ഠനാളത്തെ ഞെരിച്ചുകൊണ്ടുയർന്ന ശബ്ദത്തിൽ അടുത്തുനിന്നവർ ഞെട്ടി!
''അപ്പാ! ദൈവം വിളിച്ചപ്പോൾ പോവാതെ എന്നെ കാണാനായി എന്റപ്പൻ കുറച്ചുനേരം വീട്ടിൽ തങ്ങി അല്ലേ!""