 
 
ശത്രുവുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും പരാജയം മണക്കുകയും ചെയ്താൽ അവരോട് തന്ത്രപൂർവം ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ച്  തടിതപ്പുന്ന സാമർത്ഥ്യംരാവണൻ ജീവിതത്തിലൂടനീളം സ്വീകരിച്ചിരുന്നതായി കാണാം.വീരശൂരപരാക്രമിയായി സർവലോകങ്ങളും കിടുകിടെ വിറപ്പിച്ചു നടന്ന രാവണന്റെ ജീവിതത്തിനിടയിൽ രാവണൻ നടപ്പാക്കാൻ കഴിയാതെ പോയ ഒരേ ഒരാഗ്രഹം സീത മാത്രമായിരുന്നു...
	-  മഹാജ്ഞാനിയും നിരുപദ്രവകാരിയുമായിരുന്ന അഷ്ടാവക്ര മഹർഷിയെ ഒരു സദസിൽവച്ച് കാണാനിടയായ രാവണൻ എടാ സുന്ദരാ നിന്റെ ശരീരത്തിലെ ഒടിവുകളും കൂനുകളും ഞാൻ തീർത്തുതരാം എന്നു പറഞ്ഞു മഹർഷിയെ ആഞ്ഞുചവിട്ടി ദൂരെ തെറിപ്പിച്ചു. 'നിന്റെ പാദാതികേശവും കേശാദിപാദവും കപികൾ ചവിട്ടി മെതിക്കട്ടെ" എന്നു മഹർഷി ശപിച്ചു.
- കുശധ്വജൻ എന്ന മഹർഷിയുടെ മകളും സീതയുടെ മുൻജന്മവുമായിരുന്ന വേദവതി (ദേവവതി) മഹാവിഷ്ണുവിനെ ഭർത്താവായി ലഭിക്കാൻ തപസനുഷ്ഠിച്ചുകൊണ്ടിരിക്കേ രാവണൻ വേദവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചു. ' നീയും നിന്റെ കുടുംബവും ഞാൻ കാരണം മഹാവിഷ്ണുവിനാൽ നാശമടയട്ടെ" എന്ന് വേദവതി ശപിച്ചശേഷം ചിതയിൽ ചാടി മരിച്ചു.
- രാവണനെ വേദശാസ്ത്രങ്ങൾ പഠിപ്പിക്കാനായി എത്തിയ വസിഷ്ഠ മഹർഷിയെ രാവണന്റെ നിബന്ധനകൾക്ക് വഴങ്ങാത്തതിന്റെ പേരിൽ തടവിലാക്കി. ' സൂര്യവംശത്തിൽ പിറന്ന് ഒരു മനുഷ്യനാൽ നിനക്ക് നാശം ഭവിക്കട്ടെ." എന്നു വസിഷ്ഠൻ ശപിച്ചു.
- യോഗദണ്ഡിൽ പിടലി താങ്ങി മുകളിലോട്ട് നോക്കി നിന്നു തപസ് ചെയ്തിരുന്ന മൗല്ഗല്യ മഹർഷിയെ രാവണൻ തന്റെ ചന്ദ്രഹാസത്താൽ യോഗദണ്ഡിനെ വെട്ടിമുറിച്ച് തറയിൽ തള്ളിയിട്ടു. നിലംപതിച്ച മഹർഷിയുടെ നട്ടെല്ല് ഒടിഞ്ഞു. 'നിന്റെ ചന്ദ്രഹാസം ഇനിമേൽ ഫലിക്കാതെ പോകട്ടെ" എന്നു മഹർഷി ശപിച്ചു.
-  സമുദ്രസ്നാനത്തിനായി വന്ന ബ്രാഹ്മണയുവതികളെ അവരുടെ മാതാക്കളുടെ മുന്നിൽവച്ച് അപമാനിച്ചതിന് ' നിന്റെ ഭാര്യയെ നിന്റെ മുന്നിൽവച്ച് വാനരന്മാർ അപമാനിക്കട്ടെ" എന്ന് ബ്രാഹ്മണനെ മാതാക്കൾ ശപിച്ചു.
- അഗ്നിദേവന്റെ മുമ്പിൽ വച്ച്ദേവപത്നിയായ സ്വാഹയെ മാനഭംഗം ചെയ്തതിന് 'നിന്റെ മുമ്പിൽവച്ച് നിന്റെ ഭാര്യയെ വാനരന്മാർ മാനഭംഗം ചെയ്യട്ടെ" എന്ന് അഗ്നിദേവൻ ശപിച്ചു.
- സൂര്യവംശ രാജാവായ അനരണ്യൻ ഒരിക്കൽ അഭയം അഭ്യർത്ഥിച്ച്  രാവണനെ സമീപിച്ചപ്പോൾ അനരണ്യനെ നെഞ്ചിലിടിച്ച് രാവണൻ കൊന്നു. 'എന്റെ വംശത്തിൽ പിറക്കുന്ന ഒരു രാജാവ് നിന്റെ തല അരിഞ്ഞു വീഴ്ത്തട്ടെ."എന്ന് അനരണ്യൻ ശപിച്ചു.
- ഒരിക്കൽ ദേവലോകം ആക്രമിച്ചു കീഴ്പ്പെടുത്തി ദേവന്മാരെ തടവിലാക്കി കൊണ്ടുപോകാനൊരുങ്ങിയ രാവണനിൽ നിന്നും രക്ഷപ്പെടാനോടിയ സുലേഖാദേവിയെ രാവണൻ കടന്നുപിടിച്ചു. ഇതു നേരിൽ കാണാനിടയായ ദേവഗുരു ബൃഹസ്പതി 'കാമബാണമേറ്റു മദിക്കുന്ന നീ രാമബാണമേറ്റു മരിക്കും" എന്നും ശപിച്ചു.
- ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജികാദേവിയെ മാനഭംഗം ചെയ്യാനൊരുങ്ങിയ രാവണനെ 'സമ്മതമില്ലാത്തവളെ സ്പർശിച്ചാൽ നിന്റെ തല പൊട്ടിത്തെറിക്കട്ടെ" എന്നു ബ്രഹ്മാവ് ശപിച്ചു.
ഏതെങ്കിലും ഒരു ശത്രുവുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും പരാജയം മണക്കുകയും ചെയ്താൽ അവരോട് തന്ത്രപൂർവം ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ച്  തടിതപ്പുന്ന സാമർത്ഥ്യംരാവണൻ ജീവിതത്തിലൂടനീളം സ്വീകരിച്ചിരുന്നതായി കാണാം.
മുകളിൽ സൂചിപ്പിച്ച ശാപങ്ങളിൽ ബ്രഹ്മശാപം ഒഴികെയുള്ളവയെല്ലാം രാവണന്റെ അന്ത്യനാളുകളിലാണ് ഫലിച്ചത്. ബ്രഹ്മാവിന്റെ ശാപം ഒന്നുകൊണ്ടുമാത്രമാണ് രാവണൻ ബലമായി സീതയെ മാനഭംഗം ചെയ്യാൻ മുതിരാത്തതും രാവണസ്ത്രീകളെ ഉപയോഗിച്ച് സീതയെ മനം മാറ്റിയെടുക്കാൻ ശ്രമിച്ചതും അഴകിയ രാവണനായി സീതയുടെ മുന്നിൽ വന്നതുമെല്ലാം. വീരശൂരപരാക്രമിയായി സർവലോകങ്ങളും കിടുകിടെ വിറപ്പിച്ചു നടന്ന രാവണന്റെ ജീവിതത്തിനിടയിൽ രാവണൻ നടപ്പാക്കാൻ കഴിയാതെ പോയ ഒരേ ഒരാഗ്രഹം സീത മാത്രമായിരുന്നു. രാമകഥ ആസ്പദമാക്കിയ ഏതു ഗ്രന്ഥം പാരായണം ചെയ്താലും രാവണൻ ഒരു ദുഷ്ടരാക്ഷസൻ ആയിരുന്നു എന്ന ഒരു ധാരണ വായനക്കാരിൽ ഉണ്ടാവുക സ്വാഭാവികമാണ്. പഴയ വിശ്വാസപ്രകാരം ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന പാപങ്ങൾക്കെല്ലാം മരിച്ചുകഴിഞ്ഞാൽ യമലോകത്തെത്തുന്ന ആത്മാവിന് വർഷങ്ങളോളം പല നരകങ്ങളിലും മാറിമാറി ശിക്ഷ അനുഭവിക്കേണ്ടിവരും എന്നാണ്. എന്നാൽ രാവണന്റെ ആത്മാവിന് ഇത്തരം ഒരു ശിക്ഷ ഉണ്ടായോ എന്ന് പുരാണങ്ങളിൽ കാണാൻ സാധിക്കുന്നില്ല. മറിച്ച രാമബാണമേറ്റു മരിച്ച രാവണന്റെ ആത്മാവ് നേരെ സ്വർഗത്തിലേക്ക് ആനയിക്കപ്പെട്ടു എന്നു വേണം ധരിക്കാൻ. അഥവാ രാവണന്റെ പ്രവൃത്തികളെല്ലാം മോക്ഷദായകമായ നാരായണാർച്ചനകൾ ആയിരുന്നു എന്നും ധരിക്കേണ്ടിവരുന്നു.
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)