
ചെക്ക് റിപബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ബ്ളാക് മഡോണ എന്ന ചരിത്ര സ്‌മാരകത്തിന് സമീപം ഒരു ഭക്ഷണശാലയുണ്ട്. കൊവിഡ് കാലത്ത് വളരെയധികം പ്രയാസപ്പെട്ടു ഇവിടം. ഇപ്പോൾ അതേ കൊവിഡിനെ സാദ്ധ്യതയായി കണ്ടിരിക്കുകയാണ് ഇവിടുത്തെ പാചക വിദഗ്ധർ. നോവൽ കൊറോണ വൈറസിന്റെ രൂപത്തിൽ ഒരു ഡെസെർട്ട് വിഭവം തന്നെ തയ്യാറാക്കിയിരിക്കുകയാണ് ഈ റെസ്‌റ്റോറെന്റിൽ.
ചരിത്ര സ്‌മാരകമായ ബ്ളാക് മഡോണ കാണാനെത്തുന്ന നിരവധി ജനങ്ങൾ റെസ്‌റ്റൊറെന്റിന് വലിയ വരുമാനമാണ് നൽകിയിരുന്നത്. എന്നാൽ കൊവിഡ് കാല ലോക്‌ഡൗൺ എല്ലാം തകർത്തു. ഈ സമയത്താണ് നോവൽ കൊറോണ വൈറസിന്റെ രൂപം ഡെസർട്ട് നിർമ്മിച്ച ഓൾഗ ബുഡ്‌നിക്ക് ശ്രദ്ധിച്ചത്. ചോക്ളേറ്റും ക്രീമും ചേർത്ത് വൈകാതെ ഓൾഗ ഡെസർട്ട് നിർമ്മിച്ചു.

ഒരു ടെന്നീസ് പന്തിനെക്കാൾ അൽപം വലുപ്പം കുറവാണ് കൊവിഡ് ഡെസേർട്ടിന്. ചോക്ളേറ്റ് ഉരുളയാക്കി ഒപ്പം കൊക്കോയ ബട്ടർ സ്‌പ്രേയും ചില പഴങ്ങളുടെ ചെറു കഷ്‌ണങ്ങളും ചേർത്താൽ കൊവിഡ് വൈറസ് ഡെസേർട്ട് തയ്യാറായിക്കഴിഞ്ഞു.പിസ്‌താഷിയോ പരിപ്പും റാസ്‌പ്ബറി പഴങ്ങളുമാണ് ഇതിനുളളിൽ. ഡെസേർട്ട് പുറത്തിറങ്ങിയതും വൻ ഹിറ്റായി മാറി. പ്രതിദിനം നൂറിലേറെ ഡെസേർട്ടുകളാണ് ചിലവായതെന്ന് റസ്‌റ്റോറെന്റ് അധികൃതർ പറയുന്നു.
നാരങ്ങയും അൽപം ആൽക്കഹോളും ചേർത്ത് കൊവിഡ് വാക്‌സിനേഷൻ രൂപമുളള ഒരു പലഹാരം നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ് ഡെസേർട്ട് തയ്യാറാക്കിയ ഓൾഗ ബുഡ്നിക്ക്.