rbi

കൊച്ചി: ഏവരും പ്രതീക്ഷിച്ചതുപോലെ,​ പലിശനിരക്ക് പരിഷ്‌കരിക്കാതെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുന്ന 'ബദൽ" നടപടികളാണ് ഇന്നലെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.

ബാങ്ക് വായ്‌പാ പലിശയെ സ്വാധീനിക്കുന്ന റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരുമെന്നതിനാൽ,​ വായ്‌പ എടുത്തവർക്ക് ആശ്വസിക്കാൻ വകയില്ല. എന്നാൽ,​ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നത് തത്കാലം ബാങ്കുകൾ നിറുത്തിവയ്ക്കും.

കരുതൽ ധന അനുപാതം (മൂന്ന് ശതമാനം), എം.എസ്.എഫ് (4.25 ശതമാനം), എസ്.എൽ.ആർ (18 ശതമാനം) എന്നിവയും ഇന്നലെ നിലനിറുത്തി. നാണയപ്പെരുപ്പം പരിധിവിട്ടുയർന്നതാണ് പലിശ നിലനിറുത്താൻ മുഖ്യ കാരണം.

നാണയപ്പെരുപ്പം നാലു ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ആഗസ്‌റ്റിൽ ഇത് 6.69 ശതമാനമാണ്. ജൂലായിൽ 6.73 ശതമാനവും. വിതരണശൃംഖല സജീവമല്ലാത്തതിനാൽ വരും മാസങ്ങളിലും നാണയപ്പെരുപ്പം ഉയരുമെന്ന് റിസർവ് ബാങ്ക് ആശങ്കപ്പെടുന്നു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ഇതിനു മുമ്പെടുത്ത നടപടികൾ പര്യാപ്‌തമാണെന്നും പലിശ നിലനിറുത്താനായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.

ജി.ഡി.പി 9.5%

ചുരുങ്ങും

കൊവിഡ് പ്രതിസന്ധി മൂലം നടപ്പുവർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്റീവ് 9.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2019-20ൽ ഇന്ത്യ 4.2 ശതമാനം വളർന്നിരുന്നു.

നടപ്പുവർഷം ആദ്യപാദ വളർച്ച നെഗറ്റീവ് 23.9 ശതമാനമായിരുന്നു. വരും പാദങ്ങളിൽ ആഘാതം കുറയുമെന്നും 2021-22ൽ പോസിറ്റീവ് വളർച്ച ഉണ്ടാകുമെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

വളർച്ചാ പ്രതീക്ഷ:

ജൂലായ് - സെപ്‌തംബർ : -9.8%

ഒക്‌ടോബർ - ഡിസംബർ : -5.6%

ജനുവരി - മാർച്ച് : 0.5%

2020-21 ഏപ്രിൽ-ജൂൺ : 20.6%

വളർച്ചയ്ക്കായി

ബദൽ നടപടികൾ

1. ആർ.ടി.ജി.എസ് ഇനി 24*7

രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ ബാങ്കുവഴിയുള്ള പണമിടപാട് സൗകര്യമായ ആർ.ടി.ജി.എസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്‌റ്റം) ഡിസംബർ മുതൽ ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും ലഭ്യമാക്കും. വ്യവസായ-വാണിജ്യ രംഗത്തുള്ളവർക്ക് ഉപകാരമാണിത്. നിലവിൽ പ്രവൃത്തിദിനങ്ങളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് സമയം. എൻ.ഇ.എഫ്.ടി ഇടപാടുകൾ കഴിഞ്ഞ ഡിസംബർ മുതൽ 24 മണിക്കൂറും ലഭ്യമാണ്.

2. കയറ്റുമതിക്ക് നേട്ടം

കൊവിഡിൽ പ്രതിസന്ധിയിലായ കയറ്റുമതി മേഖലയ്ക്ക് ആശ്വാസമേകാൻ സിസ്‌റ്റം അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് മുൻകരുതൽ ലിസ്‌റ്റിംഗ് ഒഴിവാക്കും. പകരം, അംഗീകൃത ഡീലർ ബാങ്ക് ശുപാർശ ചെയ്യുന്ന ഇടപാടുകൾ മാത്രം പരിഗണിക്കും. കയറ്റുമതി ഇടപാടിൽ കുടിശികയുണ്ടായാൽ,​ തുടർ ഇടപാടുകളെ ബാധിക്കുന്നതായിരുന്നു ഓട്ടോമാറ്റിക് ലിസ്‌റ്റിംഗ്.

3. കേന്ദ്രത്തിന് ഗുണം

വരുമാന പ്രതിസന്ധി ഉണ്ടാകുമ്പോൾ റിസർവ് ബാങ്കിൽ നിന്ന് അടിയന്തര വായ്‌പയെടുക്കാൻ കേന്ദ്രത്തിനുള്ള പരിധി (വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ്) 35,000 കോടി രൂപയിൽ നിന്ന് 1.25 ലക്ഷം കോടി രൂപയായി ഉയർത്തി.

4. പണലഭ്യത കൂട്ടും

‌ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസിലൂടെ (ഒ.എം.ഒ) അടുത്തയാഴ്‌ച 20,000 കോടി രൂപയും ടാർഗറ്റഡ് ലോംഗ് ടേം റിപ്പോ ഓപ്പറേഷൻസിലൂടെ (ടി.എൽ.ടി.ആർ.ഒ) 2021 മാർച്ചിനകം നാലു ശതമാനം റിപ്പോ നിരക്കിൽ ഒരുലക്ഷം കോടി രൂപയും റിസർവ് ബാങ്ക് പൊതുവിപണിയിലിറക്കും.

5. ചെറുകിടക്കാർക്ക് കൂടുതൽ വായ്പ

ചെറുകിട സംരംഭകർക്കും വ്യക്തികൾക്കും 75 ശതമാനം റിസ്‌ക് വെയ്റ്റ് പ്രകാരം 7.5 കോടി രൂപവരെ വായ്‌പ അനുവദിക്കാമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. നിലവിൽ ഇത് അഞ്ചുകോടി രൂപയാണ്.

എം.പി.സിയും

പുതുമുഖങ്ങളും

സെപ്‌തംബർ 29 മുതൽ ഒക്‌‌ടോബർ ഒന്നുവരെ നടക്കേണ്ട എം.പി.സി യോഗമാണ് പുതിയ സ്വതന്ത്ര അംഗങ്ങളുടെ പേര് പ്രഖ്യാപിക്കാൻ കേന്ദ്രം വൈകിച്ചതിനാൽ ഈമാസം 7 മുതൽ 9 വരെയാക്കിയത്. ഡോ. ആഷിമ ഗോയൽ, ഡോ. ശശാങ്ക് ഭീഡെ, മലയാളിയും ചാലക്കുടി സ്വദേശിയുമായ പ്രൊഫ. ജയന്ത് ആർ. വർമ്മ എന്നിവരാണ് പുതിയ അംഗങ്ങൾ.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൃദുൽ സഗ്ഗർ എന്നിവരാണ് എം.പി.സിയിലെ മറ്റ് മൂന്നുപേർ. ഇവരെല്ലാം ഇന്നലെ പലിശനിരക്ക് നിലനിറുത്താൻ വോട്ട് ചെയ്‌തു.

''ഭക്ഷ്യധാന്യ ഉത്പാദനം കൂടുന്നുണ്ട്. നഗരങ്ങളും ഫാക്‌ടറികളും സാധാരണനിലയിലേക്ക് എത്തുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത്, സമ്പദ്‌വ്യവസ്ഥ അതിവേഗം ഉണർവ് നേടും"",

ശക്തികാന്ത ദാസ്,

റിസർവ് ബാങ്ക് ഗവർണർ.