
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി കോടികളുടെ കറൻസി കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടങ്ങി. പരിധി ലംഘിച്ച് വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതോടെ ഇതുസംബന്ധിച്ച് പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം കസ്റ്റംസ് തുടങ്ങി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനൊപ്പം സ്വപ്ന ആറ് തവണ വിദേശയാത്ര നടത്തിയിരുന്നു. ഈ യാത്രയ്ക്കിടെ ഡോളർ കടത്തിയിട്ടുണ്ടാകാമെന്ന സംശയമാണ് കസ്റ്റംസിനുള്ളത്. അതിനാലാണ് ശിവശങ്കറിനെ കേസിൽ പ്രതിയാക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് ആലോചിക്കുന്നത്.
ശിവശങ്കറിനൊപ്പം യാത്ര ചെയ്ത സ്വപ്നയ്ക്ക് വി.ഐ.പി പരിഗണന ലഭിച്ചെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും യാത്രാവിവരങ്ങളും കൊണ്ടുപോയ ബാഗേജുകളുടെയും വിവരങ്ങൾ കസ്റ്റംസ് സ്റ്റംസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രളയസഹായംതേടി മുഖ്യമന്ത്രി പിണറായി വിജയൻ 2018 ഒക്ടോബർ 17ന് യു.എ.ഇ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ശിവശങ്കറും സ്വപ്നയും ദുബായിൽ പോയത്. പിന്നീട് ശിവശങ്കർ ഒമാനിലേക്ക് പോയപ്പോഴും സ്വപ്ന ഒപ്പമുണ്ടായിരുന്നു. ഇതു കൂടാതെ ഇരുവരും ഒരുമിച്ചു നാല് വിദേശയാത്രകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജൂണിൽ വന്ദേഭാരത് വിമാനത്തിൽ ദുബായിലേക്ക് 5 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സ്വപ്നയ്ക്കുവേണ്ടി ശിവശങ്കർ വിമാനക്കമ്പനിയെ ബന്ധപ്പെട്ടതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശപൗരന്മാർക്ക് വേണ്ടിയാണ് ടിക്കറ്റെന്നാണ് സ്വപ്ന പറഞ്ഞത്. ഈ യാത്രക്കാരുടെ ബാഗേജുകളിലും കറൻസി കടത്തിയെന്നു സംശയം കസ്റ്റംസിനുണ്ട്.
കസ്റ്റംസ് ചോദ്യം ചെയ്യുന്നു
നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിൽ ഈന്തപ്പഴം എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രാവിലെ 11നാണ് ശിവശങ്കർ കൊച്ചി ഓഫീസിൽ ഹാജരായത്. അനാഥാലയങ്ങൾക്കും സ്‌പെഷ്യൽ സ്‌കൂളുകളിലും വിതരണം ചെയ്യാൻ നിർദേശിച്ചത് ശിവശങ്കറാണെന്ന് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോൺസുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാൻ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. അതോടെ കസ്റ്റംസ് സ്വർണക്കടത്തല്ലാതെ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലിൽ വിദേശത്തേക്ക് കറൻസി കടത്തിയതും സംബന്ധിച്ചും ശിവശങ്കറിനോട് കസ്റ്റംസ് വിവരങ്ങൾ തേടും.
2017 ലാണ് യു.എ.ഇ കോൺസുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നേരത്തെ രണ്ടുതവണയായി ശിവശങ്കറിനെ 17 മണിക്കൂർ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തിനും മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ കൊണ്ടുവന്നതിനും മറ്റുമായി മൂന്ന് കേസുകളാണ് കസ്റ്റംസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വപ്നയ്ക്കും പ്രതികൾക്കും ജാമ്യം ലഭിച്ചു.