rajastan

ജയ്പൂർ:ഭൂമാഫിയ പൂജാരിയെ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ കരോളിലാണ് സംഭവം. രാധാകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യപൂജാരി ബാബുലാൽ വൈഷ്ണവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആളുകൾ ഇദ്ദേഹത്തെ ആക്രമിച്ചശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അഞ്ച് ഏക്കർ ഭൂമിയാണ് പൂജാരിക്ക് ക്ഷേത്രം നൽകിയിട്ടുളളത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിക്ക് ഉപജീവനമാർഗമെന്ന നിലയിൽ ക്ഷേത്രട്രസ്റ്റ് നൽകിയതാണ് ഈ ഭൂമി എന്നാണ് റിപ്പോർട്ട്. ഇവിടെ ബാബുലാൽ വീടുവയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വീടുനിർമ്മാണത്തിനായി സ്ഥലം നിരപ്പാക്കിത്തുടങ്ങിയതോടെ ഒരുസംഘം എതിർപ്പുമായി എത്തി. പ്രശ്നത്തിൽ ഗ്രാമത്തിലെ മുതിർന്നവർ ഇടപെടുകയും പൂജാരിക്ക് അനുകൂലമായി തീർപ്പാക്കുകയും ചെയ്തു.

എന്നാൽ പ്രശ്നമുണ്ടാക്കിയവർ ഇത് വകവയ്ക്കാതെ നിരപ്പാക്കിയ സ്ഥലത്ത് കുടിൽ കെട്ടാൻ തുടങ്ങി. ഇതിനെ ചോദ്യംചെയ്ത പൂജാരിയെ സംഘം മർദ്ദിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂജാരിയുടെ മരണമൊഴിയെത്തുടർന്ന് ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ഭൂമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.