v

ഖരൻ സഹോദരി ശൂർപ്പണഖയെ ശാരീരികമായും മാനസികമായും മുറിവേല്പിച്ച രാമലക്ഷ്മണന്മാരെ നിഗ്രഹിക്കാനയച്ച പതിനാലു രാക്ഷസവീരന്മാരും അഗ്നിയിലൊടുങ്ങിയ ഈയാംപാറ്റകളെ പോലെയായി. കൂടുതൽ സഹായമഭ്യർത്ഥിച്ച് പ്രതികാരാഗ്നിയോടെ ശൂർപ്പണഖ വീണ്ടും സഹോദരന്റെ മുന്നിലെത്തുന്നു. തന്റെ നിയോഗം പാളിപ്പോയെന്ന് ശൂർപ്പണഖയെകണ്ടപ്പോൾ ഖരന് മനസിലായി. കോപാകുലനായ അയാൾ നീരസത്തോടെ ശൂർപ്പണഖയുടെ വാക്കുകൾ കേട്ടുനിന്നു. പിന്നെ സമ്മിശ്ര വികാരത്തോടെ പറഞ്ഞു: നീ വന്ന് സഹായം അഭ്യർത്ഥിച്ചപ്പോൾ ഏറ്റവും പ്രബലരായ ചോരക്കൊതിയന്മാരായ രാക്ഷസവീരന്മാരെയാണ് ഞാൻ അയച്ചുതന്നത്. വീണ്ടും ഇവിടെ വന്ന് വിലപിക്കുന്നതെന്തിനാണ്? ഞാനയച്ചു തന്നവരാരും നിസാരന്മാരല്ല. വിശ്വസ്തരും ആത്മാർത്ഥതയുള്ളവരുമാണ്. അവർ സ്വയം നശിക്കുകയില്ല. മറ്റുള്ളവരെ നശിപ്പിക്കലാണ് അവർക്കിഷ്ടം. കല്പന അതേ പടിപാലിക്കുന്നവരുമാണ്. അവരെയല്ലേ ഞാൻ പ്രതികാരം വീട്ടാനായി നിനക്കൊപ്പം അയച്ചുതന്നത്. എന്നിട്ട് തിരിച്ചുവന്ന് നിലത്തുകിടന്ന് ഹാഹാ എന്നൊക്കെ വിളിച്ച് കേഴുന്നതെന്തിന് നിന്റെ രക്ഷയ്ക്കായി ശക്തിമാനായ ഞാനുള്ളപ്പോൾ നീ എന്തിന് ഭയക്കണം? നീ അനാഥയല്ല ധൈര്യത്തോടെയിരിക്കുക,നീ ഇങ്ങനെ വിലപിക്കുന്നത് എനിക്ക് അപമാനകരമാണ്.

തന്റെ ഇഷ്ടത്തിനൊത്തു തുള്ളുന്ന ഒരു സഹോദരനുള്ളപ്പോൾ എന്തിന് ഭയക്കണം? ധൈര്യം വീണ്ടെടുത്ത് എണീറ്റ ശൂർപ്പണഖ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു: എനിക്ക് ഇപ്പോൾ ധൈര്യവും ആശ്വാസവും തോന്നുന്നു. മൂക്കും കാതും മുറിഞ്ഞ് വേദനയോടെ ഞാൻ ഓടിയെത്തിയപ്പോൾ അങ്ങാണ് ആശ്വസിപ്പിച്ചത്. വീരശൂരപരാക്രമികളായ പതിനാലുപേരെ ഒപ്പം അയച്ചത്.

അവർ ക്രോധമടക്കാനാകാതെ ആയുധങ്ങളുമായി രാമലക്ഷ്മണന്മാരെ കൊല്ലാൻ തുനിഞ്ഞതാണ്. പക്ഷേ അമിതബലശാലിയായ രാമന്റെ ശരം അവരെയെല്ലാം കാലപുരിക്കയച്ചു. ശക്തന്മാരാണെങ്കിലും അവർക്ക് രാമന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അതുകണ്ടപ്പോൾ എനിക്ക് ഭയവും ദുഃഖവും തോന്നി. അപമാനിതയായ മുറിവേറ്റ എനിക്ക് സഹിക്കാനാകുന്നില്ല. നോക്കിന്നിടത്തെല്ലാം ഭയമാണ് ഞാൻ കാണുന്നത്. ദുഃഖം തിരമാലകൾ പോലെ ആർത്തു വരുന്നു. ദുഃഖം കൂർത്ത പല്ലുകളുമായി വിഴുങ്ങാൻ വരുന്നു. ദുഃഖസാഗരത്തിൽ ഞാൻ മുങ്ങിത്താഴുകയാണ്. എന്നെ കരകയറ്റാൻ അങ്ങല്ലാതെ മറ്റാരുണ്ട്?

നരഭോജികളും രുധിരപാനികളുമായ രാക്ഷസവീരന്മാർ എന്നോടൊപ്പം വന്നു. എന്നാൽ രാമന്റെ ശരങ്ങൾ അവരെ അടിയറവ് പറയിച്ചു. അവരോടും എന്നോടും അങ്ങയ്ക്ക് സ്നേഹവും കാരുണ്യവും ഉണ്ടെന്നറിയാം. രാമനോട് എതിരിടത്തക്ക ശക്തി അങ്ങയ്ക്കുണ്ട്. ദണ്ഡകവനത്തിൽ രാക്ഷസവംശത്തെ നിഗ്രഹിക്കാനെത്തിയ രാമനെ ഇനിവച്ചേക്കരുത്. എന്നോട് സ്നേഹവാത്സല്യങ്ങളുള്ള അങ്ങ് അവരെ നിഗ്രഹിക്കണം. എന്നോടുള്ള സ്നേഹം അപ്പോൾ പകൽപോലെ വ്യക്തമാകും. അല്ലാത്തപക്ഷം അങ്ങയുടെ മുന്നിൽ എനിക്ക് പ്രാണത്യാഗം ചെയ്യേണ്ടിവരും. ഞാൻ അനാഥയല്ലെന്ന് അങ്ങ് പറഞ്ഞു. വൻസേനയുടെ അധിപനാണ്. പരാക്രമശാലിയാണ്. രാക്ഷസരാജാവായ രാവണൻ സഹോദരനാണ്. ഇതൊക്കെയുണ്ടെങ്കിലും രാമനെ എതിരിടത്തക്ക കരുത്ത് ഉണ്ടോ എന്ന് ഞാൻ ആശങ്കപ്പെടുന്നു. വാക്കിൽ വീരത്വവും ശൂരത്വവുമൊക്കെ ആവോളമുണ്ട്. പക്ഷേ കാര്യത്തിൽ പ്രകടമാകുന്നുണ്ടോ എന്നാണ് എന്റെ സംശയം.

രാമലക്ഷ്മണന്മാർ കേവലം മനുഷ്യരല്ലേ അവരെ നിഗ്രഹിക്കാനുള്ള കരുത്തുണ്ടെങ്കിൽ ദണ്ഡകാരണ്യത്തിൽ വസിക്കുന്ന അവനെ വധിക്കുക. രാക്ഷസവംശത്തിന്റെ കളങ്കം മാറ്റാൻ അതാണ് വേണ്ടത്. അല്ലാതെ ഇവിടെ ഇരുന്ന് വീൺവാക്കുകൾ ജല്പിക്കുന്നതിൽ കാര്യമില്ല. അതിന് കഴിയില്ലെങ്കിൽ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടുക. രാമന്റെ വീര്യം അല്ലെങ്കിൽ നിന്നെ നശിപ്പിക്കാനെത്തും.

ദശരഥമഹാരാജാവിന്റെ പുത്രനായ രാമൻ കരുത്തനാണ്. എനിക്ക് വൈരൂപ്യം സമ്മാനിച്ച ലക്ഷ്മണനും അമിതബലശാലിയാണ്. അവരോളം ബലവും പൗരുഷവും രാക്ഷസകുലത്തിൽ ആർക്കെങ്കിലുമുണ്ടോ?

അംഗഭംഗം വന്ന ശരീരത്തെ കൈകൾകൊണ്ട് മറച്ചും വാവിട്ട് നിലവിളിച്ചും ശൂർപ്പണഖ ഖരന്റെ കോപമുണർത്താൻ ശ്രമിച്ചു. കാര്യസാദ്ധ്യത്തിന് ഏതറ്റം വരെയും പോകണം. കുത്തുവാക്കുകൾ യഥേഷ്ടം മർമ്മത്തിൽ തറയ്ക്കുംവിധം പ്രയോഗിക്കണം. ആ മനഃശാസ്ത്രത്തോടെ ഓരോന്നു പറഞ്ഞുകൊണ്ട് ശൂർപ്പണഖ ഖരന്റെ മുന്നിൽ കിടന്നുരുണ്ടു.

(ഫോൺ: 9946108220)