idli

നമ്മൾ ദക്ഷിണേന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലിയും സാമ്പാറുമൊക്കെ ചിലർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതേ സമയം, ഇഡ്ഡലിയോട് അത്ര താത്പര്യം ഇല്ലാത്തവരും കാണാം. പക്ഷേ, സോഷ്യൽ മീഡിയയിലൂടെ ഇഡ്ഡലിയോടുള്ള അനിഷ്ടം പ്രകടിപ്പിക്കേണ്ട കേട്ടോ. ട്വിറ്ററിലൂടെ നമ്മുടെ ഇ‌‌ഡ്ഡലിയെ ' ലോകത്തെ ഏറ്റവും ബോറിംഗ് ഭക്ഷണം ' എന്ന വിശേഷിപ്പിച്ച ബ്രിട്ടീഷുകാരൻ പുലിവാല് പിടിച്ചിരിക്കുകയാണ്. കാര്യം ഇയാൾ ഒരു പ്രൊഫസർ ഒക്കെ ആണെങ്കിലും ഇഡ്ഡലിയെ തൊട്ടുകളിച്ചത് ഇന്ത്യക്കാർ സഹിക്കുമോ. ഇപ്പോൾ ട്വിറ്ററിൽ ഇതിന്റെ പേരിൽ പൊങ്കാലയോട് പൊങ്കാല തന്നെ. !

എല്ലാത്തിന്റെയും തുടക്കം ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമാറ്റോയുടെ ഒരു ചോദ്യത്തിൽ നിന്നാണ്. ' ജനങ്ങൾ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് ഇതുവരെ മനസിലാകാത്ത ഒരു വിഭവം ഏതാണ്? ' ഇതായിരുന്നു ട്വിറ്ററിലൂടെയുള്ള സൊമാറ്റോയുടെ ചോദ്യം.

ഇതിന് യു.കെ സ്വദേശിയായ എഡ്വേർഡ് ആൻഡേഴ്സൺ എന്ന ചരിത്ര പ്രൊഫസർ മറുപടി നൽകി. ഇന്ത്യ - ബ്രിട്ടീഷ് ചരിത്ര പഠനത്തിൽ ജ്ഞാനമുള്ള ആളുകൂടിയാണ് എഡ്വേർഡ്. ' ഇഡ്ഡലിയാണ് ലോകത്തെ ഏറ്റവും ബോറിംഗ് ' എന്ന് തന്റെ പോസ്റ്റിലൂടെ എഡ്വേർഡ് കണ്ണുമടച്ച് തട്ടിവിട്ടു. പിന്നെ നടന്നത് എന്താണെന്ന് പറയേണ്ടല്ലോ. ദക്ഷിണേന്ത്യക്കാരുൾപ്പെടെയുള്ള ഇന്ത്യക്കാർ എഡ്വേർഡിന് ശരിക്കും കൊടുത്തു. ഇഡ്ഡലിയേയും ദക്ഷിണേന്ത്യയേയും എഡ്വേർഡിന് ശരിക്കും മനസിലായിട്ടില്ലെന്ന് വരെ ചിലർ മുന്നറിയിപ്പ് കൊടുത്തു. കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ വരെ ഇഡ്ഡലി വിഷയത്തിൽ രംഗത്ത് വരികയും ചെയ്തു.

Idli are the most boring things in the world. https://t.co/2RgHm6zpm4

— Edward Anderson (@edanderson101) October 6, 2020

' അതെ മകനെ,​ ശരിയാണ്,​ ഈ ലോകത്ത് യഥാർത്ഥ വെല്ലുവിളികൾ നേരിടുന്ന ചിലരുണ്ട്. സംസ്കാരം നേടിയെടുക്കാൻ പ്രയാസമാണ്. ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള അഭിരുചിയും പ്രബുദ്ധതയും, ക്രിക്കറ്റ് ആസ്വദിക്കുക, ഓട്ടൻത്തുള്ളൽ കാണുക തുടങ്ങിയ കഴിവുകൾ എല്ലാ മനുഷ്യർക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു. ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല ' തരൂർ ട്വീറ്റ് ചെയ്തു.

സംഭവം പാളിയെന്ന് എഡ്വേർ‌ഡിന് മനസിലായി. ഇഡ്ഡലിയെ പറ്റിയുള്ള അഭിപ്രായം മാറ്റിയില്ലെങ്കിലും തനിക്ക് അപ്പം, ദോശ തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ വിഭവങ്ങളും ഇഷ്ടമാണെന്ന് എഡ്വേർഡ് പറഞ്ഞു. എന്നാൽ ഇഡ്ഡലിയും പുട്ടും തനിക്ക് സഹിക്കാനാകില്ലെന്നാണ് എഡ്വേർഡിന്റെ പക്ഷം.