jayaraj1

കഴിഞ്ഞദിവസം അന്തരിച്ച നാ​ഷ​ണ​ൽ​ ​ഫി​ഷ് ​വ​ർ​ക്കേ​ഴ്സ് ​ഫോ​റം​ ​കേ​ര​ള​ഘ​ട​കം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​കേ​ര​ള​ ​സ്വ​ത​ന്ത്ര​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ഫെ​ഡ​റേ​ഷ​ൻ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​​ടി​ പീ​റ്റ​റിനെ അനുസ്മരിച്ച് സംവിധായകൻ ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'എൺപതുകൾ മുതൽ ഇന്നോളം കടലിലും തീരത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ, മനുഷ്യർക്കായും പ്രകൃതിക്കായും ഉയർത്തിയ ശബ്ദങ്ങൾ ഒക്കെയും നമുക്ക് പ്രചോദനമായി ബാക്കിയാവുന്നു. മഹാപ്രളയകാലത്ത് കേരളത്തിന്റെ സൈന്യം മുന്നിട്ടിറങ്ങുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഒരിക്കലും കേരളം മറക്കുകയില്ല' ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നു.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം:

തീരത്തിനു കാവൽക്കാരൻ ആയും കടൽ അറിവുകളുടെ കലവറക്കാരനായും നമുക്കിടയിൽ ജീവിച്ച ടി.പീറ്റർ ഇനിയില്ല. തന്റെ പേരിനു ചേരുന്നത് പോലെ അദ്ദേഹം മനുഷ്യരെ പിടിക്കുന്ന മുക്കുവൻ ആയിരുന്നു. കടലിന്റെ മക്കളെ ഒന്നിച്ചു നിർത്താനും അവരുടെ അവകാശങ്ങൾക്കായി ഒരായുസ് മുഴുവൻ പോരാടാനും പീറ്റർ ചേട്ടൻ ഉണ്ടായിരുന്നു. എൺപതുകൾ മുതൽ ഇന്നോളം കടലിലും തീരത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ, മനുഷ്യർക്കായും പ്രകൃതിക്കായും ഉയർത്തിയ ശബ്ദങ്ങൾ ഒക്കെയും നമുക്ക് പ്രചോദനമായി ബാക്കിയാവുന്നു.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടും കരയും കടലുമായി ബന്ധപ്പെട്ടും മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളിലും വേദനകളിലും ഒക്കെ ഒരു ഉത്തരവാദിത്വമുള്ള നേതൃത്വവും ആശ്രയവുമായി അദ്ദേഹം പ്രവർത്തിച്ച കഥകൾ ഒട്ടനവധി മനസിലാക്കാനായി. മഹാപ്രളയകാലത്ത് കേരളത്തിന്റെ സൈന്യം മുന്നിട്ടിറങ്ങുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഒരിക്കലും കേരളം മറക്കുകയില്ല. എന്റെ നവരസ സീരീസിലെ രൗദ്രം എന്ന ചിത്രത്തിന്റെ പ്രമേയം 2018 ൽ കേരളത്തിലുണ്ടായ വലിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചില നേർ അനുഭവങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയതാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കേരളത്തിന്റെ പട്ടാളമായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പ്രീമിയർ വച്ചിരുന്നു. അവരെ ആദരിക്കുന്ന ആ ചടങ്ങിൽ വച്ചാണ് പീറ്റർ ചേട്ടനെ നേരിട്ടു കാണുവാൻ അവസരമുണ്ടാകുന്നത്.

അത്ഭുതത്തോടെയും ആദരവോടെയും മാത്രമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളുടെ വിവരണങ്ങൾ കേട്ടത്. കടൽ എന്ന അതിശയവുമായി ബന്ധപ്പെട്ട് മനസിലുള്ള ചലച്ചിത്ര ആശയങ്ങൾ എല്ലാറ്റിലും തുണയാവാൻ ഏറ്റവും ഉചിതമായ ആൾ എന്ന് മനസ്സിൽ കുറിച്ചിരുന്നു. എന്നാൽ ആ കാഴ്ച അവസാനത്തെ കാഴ്ച ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല. ഈ മഹാമാരി മറ്റൊരു വിലപ്പെട്ട ജീവൻ കൂടി കവർന്നെടുത്തിരിക്കുന്നു. പീറ്റർ ചേട്ടനു വിട. ഓർമ്മകൾക്ക് മുൻപിൽ കണ്ണീർപൂക്കൾ. ഒരിക്കൽ കൂടി എന്റെ ചലച്ചിത്രം അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിക്കുന്നു. ​​

തീരത്തിനു കാവൽക്കാരൻ ആയും കടൽ അറിവുകളുടെ കലവറക്കാരനായും നമുക്കിടയിൽ ജീവിച്ച ടി.പീറ്റർ ഇനിയില്ല. തന്റെ പേരിനു ചേരുന്നത്...

Posted by Jayaraj Nair on Friday, 9 October 2020