
തിരുവനന്തപുരം: ഭവനരഹിതർക്ക് വീട് നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയിലേക്ക് നഗരസഭ അപേക്ഷ ക്ഷണിച്ചപ്പോൾ പുതിയതായി ലഭിച്ചത് 14,280 അപേക്ഷകൾ. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. അപേക്ഷിച്ചവരിൽ 3800 പേർ സ്വന്തമായി ഭൂമിയുള്ളവരാണ്. ഇവർക്ക് വീട് വയ്ക്കുന്നതിനായി സാമ്പത്തിക സഹായം മാത്രം മതിയെന്നാണ് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. ശേഷിക്കുന്ന അപേക്ഷകർക്ക് പദ്ധതിക്ക് കീഴിൽ ഫ്ളാറ്റുകൾ നിർമ്മിച്ചു നൽകുകയാണ് ചെയ്യുക. ഇതുകൂടാതെ പട്ടികജാതി വികസന വകുപ്പിനും ഫിഷറീസ് വകുപ്പിനും കീഴിൽ വീട് വയ്ക്കുന്നതിനുള്ള പദ്ധതിയിലേക്കായി 2265 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 18,008 അപേക്ഷകളാണ് കോർപ്പറേഷന് ലഭിച്ചത്. അപേക്ഷകൾ സൂക്ഷ്‌മ പരിശോധന നടത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കും. വീട് വയ്ക്കാൻ സ്വന്തമായി സ്ഥലം ഉണ്ടോയെന്ന് ഉറപ്പുവരുത്തും. അതിനുശേഷം അപേക്ഷകനെ അദാലത്തിനായി വിളിക്കും. ഇങ്ങനെ അദാലത്ത് നടത്തിയപ്പോൾ 18,008 അപേക്ഷകൾ 9000 ആയി കുറഞ്ഞു. അപേക്ഷകരിൽ പലരും തങ്ങളുടെ വീട് നശിച്ചുപോയെന്നാണ് അവകാശപ്പെട്ടത്. എന്നാൽ. സൂക്ഷ്‌മപരിശോധനയിൽ ഇത് തെറ്രെന്ന് തെളിയുകയായിരുന്നു. പലരും സത്യാവസ്ഥ മറച്ചുവച്ചാണ് അപേക്ഷിക്കുന്നതെന്നാണ് ഇതിൽ നിന്ന് നഗരസഭയ്ക്ക് മനസിലായത്. 9000 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ 1304 പേർക്കാണ് സ്വന്തമായി ഭൂമി ഉണ്ടായിരുന്നത്. നിലവിൽ 14,280 അപേക്ഷകർ ഉണ്ടെങ്കിലും സൂക്ഷ്‌മപരിശോധന നടക്കുമ്പോൾ ഇത് ഇനിയും കുറയാനാണ് സാദ്ധ്യതയെന്ന് നഗരസഭാ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇതിനോടകം 1000 കുടുംബങ്ങൾ ലൈഫ് പദ്ധതി പ്രകാരം നഗരപരിധിയിൽ ഭൂമി വാങ്ങിയിട്ടുണ്ട്. പദ്ധതിക്കായുള്ള ഫണ്ട് നൽകുന്നത് നഗരസഭയുടെ തനത് പ്ളാൻ ഫണ്ടിൽ നിന്നാണ്. അതേസമയം, വീടുകൾ നിർമ്മിക്കുന്നതിനുള്ള പണം നൽകുന്നത് ലൈഫ് മിഷനാണ്. ഭൂമി വാങ്ങുന്നതിനുള്ള ഫണ്ട് കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മൂന്ന് സെന്റ് ഭൂമി വാങ്ങാൻ 5.25 ലക്ഷം രൂപ ലഭിക്കും. 2016ലെ സ്കീം അനുസരിച്ച് 2.5 ലക്ഷമായിരുന്നു അനുവദിച്ചിരുന്നത്.