
മെയ്ഡ് ഇൻ ചൈനയെന്നാൽ എന്താണെന്ന് ചൈനക്കാർക്ക് മാത്രമല്ല, ലോകത്തിലുള്ളവർക്കെല്ലാം ആ ടാഗിന് പിന്നിലെ രഹസ്യം അറിയാം. വിലക്കുറവിന്റെ വലയിൽ വീഴുന്നവർ ഗുണമേൻമയെ കുറിച്ച് ഒരു പക്ഷേ അധികം ചിന്തിക്കുകയില്ല. എന്നാൽ അങ്ങനെ വാങ്ങാവുന്ന ഒന്നാണോ രാജ്യസുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട ആയുധങ്ങൾ. ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിന് പറ്റിയത് അത്തരം ഒരു അമളിയാണ്. ചൈനയിൽ നിന്നും ബംഗ്ലാദേശ് അടുത്തിടെ സ്വന്തമാക്കിയത് നാൽപ്പത്തിനാല് വിടി 1 എ ടാങ്കുകളാണ്. കാഴ്ചയിൽ കേമനായ ഇവൻ സമതല പ്രദേശങ്ങളിൽ അസാമാന്യ കഴിവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ദുർഘടമായ ഉയരമുള്ള ഇടങ്ങളിൽ കയറുവാൻ ഈ ടാങ്കുകൾക്ക് മിടുക്ക് പോര എന്ന യാഥാർത്ഥ്യം മനസിലാക്കാൻ ബംഗ്ലാദേശ് വളരെ വൈകിയിരുന്നു. എന്നാൽ ഇപ്പോൾ സഹായിക്കാൻ പറ്റാത്ത കുരുക്കിലേക്ക് ചൈന വീഴുകയും ചെയ്തു

ടാങ്ക് ചൈനയുടെ എഞ്ചിൻ ഉക്രയിനിന്റെ
വിടി 1 എ ടാങ്കുകൾ വികസിപ്പിച്ചത് ചൈനയാണെങ്കിലും അതിലുപയോഗിക്കുന്ന എഞ്ചിൻ ഉക്രയിൻ നിർമ്മിതമായിരുന്നു. ഒരു കാലത്ത് ആയുധ നിർമ്മാണമേഖലയിൽ പേരെടുത്ത ഉക്രയിനിന്റെ ഈ മേഖലയിലെ അവസ്ഥ ഇപ്പോൾ ശുഭകരമല്ല. ഉക്രയിൻ എഞ്ചിൻ ഘടിപ്പിച്ച വിടി 1 എ ടാങ്കുകളാണ് ബംഗ്ലാദേശിന് ചൈന കൈമാറിയത്. വിടി 1 എ ടാങ്കുകളിൽ ഉപയോഗിക്കുന്ന 6 ടിഡി 2 എഞ്ചിൻ ശരിക്കും എൺപതുകളിൽ സോവിയറ്റ് നിർമ്മിത എഞ്ചിനുകളുടെ മാതൃകയാണ്. അടുത്തിടെ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവുമായി ടാങ്ക് വിൽപ്പനയ്ക്കിറങ്ങവേ ചൈനയും ഉക്രയിനും കൊമ്പു കോർത്തിരുന്നു. എന്നാൽ കുറഞ്ഞ വിലയിൽ ക്വാട്ട് ചെയ്തതിനാൽ കരാർ ചൈനയ്ക്ക് ലഭിക്കുകയായിരുന്നു.
ഇതോടെ ഉക്രയിൻ ചൈനയുമായി തെറ്റുകയും, തങ്ങളുടെ രാജ്യത്ത് നിന്നും ചൈന വാങ്ങിയ ആയുധങ്ങളുടെ ഭാഗങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ നിന്നും ചൈനയെ വിലക്കുകയും ചെയ്തു. ഇതോടെ കഷ്ടത്തിലായത് ബംഗ്ലാദേശാണ്. ചൈനയിൽ നിന്നും വാങ്ങിയ ടാങ്കുകളുടെ എഞ്ചിൻ അറ്റകുറ്റപ്പണികൾക്കാവശ്യമായ സ്‌പെയർ പാർട്സുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. എന്നാൽ ഇനി കയറ്റുമതി ചെയ്യുന്ന ടാങ്കുകൾക്ക് സ്വന്തമായി രൂപകൽപ്പന ചെയ്യുന്ന എഞ്ചിനായിരിക്കും ഉപയോഗിക്കുന്നതെന്നാണ് ചൈനയുടെ പ്രഖ്യാപനം. ഇതോടെ പെറുവുമായുള്ള കരാർ നഷ്ടപ്പെട്ടു മാത്രമല്ല, എഞ്ചിനുകളുടെ വിപണി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് ഉക്രയിനിപ്പോൾ.
സാങ്കേതിക വിദ്യകൾ മോഷ്ടിച്ചുകൊണ്ട് ചൈനക്കാർക്ക് സ്വന്തം എഞ്ചിൻ നിർമ്മിക്കാൻ അധികം പ്രയാസപ്പെടേണ്ടിവരില്ല, അവരുടെ ചരിത്രം അതാണ് തെളിയിക്കുന്നത്. ചൈന നിർമ്മിച്ച വിടി 1 എ ടാങ്ക് തന്നെ സോവിയറ്റ് ടി 54ന്റെ നവീകരിച്ച പതിപ്പാണ്. ആധുനിക ഘടകങ്ങൾ ചേർത്ത് നിർമ്മിച്ച ഒരു പഴയ സോവിയറ്റ് ടാങ്ക് മാത്രമാണത്.
ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായിട്ടാണ് വിടി 1 എ ചൈനക്കാർ നിർമ്മിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇതിന് അവർ ഇരയാക്കുന്നത്. എന്നാൽ ടാങ്കുകളുടെ മാർക്കറ്റിംഗിനായി ചൈനയൊരുക്കുന്ന വിദ്യകളിൽ റഷ്യയുടെ ടി 90 നേക്കാൾ ഈ ടാങ്കുകൾ മികച്ചതാണെന്ന് ആർക്കും തോന്നും.