
ഓസ്ളോ: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്. വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്നബാധിത മേഖലകളിൽ യുദ്ധത്തിനും വഴക്കുകൾക്കും ഒരു ആയുധമായി മാറാതെ വിശപ്പിനെ തുടച്ച് നീക്കാൻ നടത്തിയ ശ്രമങ്ങൾക്കുമാണ് പുരസ്കാരം നൽകുന്നതെന്ന് നോബൽ അസംബ്ളി അറിയിച്ചു.
1961ലാണ് യു.എന്നിനു കീഴിൽ വേൾഡ് ഫുഡ് പ്രോഗ്രാമിന് തുടക്കമിട്ടത്. 88 രാജ്യങ്ങളിലുള്ള 97 മില്യൺ ആളുകൾക്ക് കഴിഞ്ഞ വർഷം ഈ സംഘടന റേഷൻ നൽകിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹെലികോപ്ടറിലോ ഒട്ടകത്തിന്റെ പുറത്തോ ആനപ്പുറത്തോ ഏത് വിധേനയും വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ സംഘടന കാണിക്കുന്ന ശുഷ്കാന്തി അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ സമയം രാവിലെ ഒൻപതിനാണ് നോർവയിലെ ഓസ്ളോയിൽ പുരസ്കാരം പ്രഖ്യാപിച്ചത്. പത്ത് മില്യൻ സ്വീഡിഷ് ക്രോണയാണ് ( 1.1മില്യൻ യു.എസ് ഡോളർ) പുരസ്കാരത്തുക. കഴിഞ്ഞ ദിവസങ്ങളിലായി ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം മേഖലകളിലെ നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇനി സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്കാരമാണ് പ്രഖ്യാപിക്കാനുള്ളത്.
2020ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് ഞങ്ങളെ പരിഗണിച്ച് ബഹുമാനിച്ച എല്ലാവർക്കും നന്ദി. ഇത് ലോകത്തിനു നൽകുന്ന മഹത്തായ ഒരു ഓർമ്മപ്പെടുത്തലുണ്ട്, വിശപ്പും സമാധാനവും കൈകോർത്ത് നടക്കേണ്ടവയാണെന്ന്-
വേൾഡ് ഫുഡ് പ്രോഗ്രാം തങ്ങളുടെ ട്വിറ്ററിൽ കുറിച്ചു.