
ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോഴേ സഹപാഠികൾ പറയുമായിരുന്നു സുധ ഒരു വക്കീലാകുമെന്ന്. അത് ഫലിച്ചു. നഗരത്തിലെ പ്രശസ്തയായ ഒരു അഭിഭാഷകയാണ്. പ്രശസ്തിയെ കാശാക്കാൻ ശ്രമിച്ചിട്ടില്ല. ആളും തരവും നോക്കിയേ ഫീസ് വാങ്ങൂ. നിർദ്ധനരാണെങ്കിൽ സൗജന്യമായി വാദിക്കും. പക്ഷേ ഒരു വ്യവസ്ഥ. ന്യായവും ശരിയും തന്റെ കക്ഷിയുടെ ഭാഗത്താണെന്ന് ആദ്യം ബോദ്ധ്യപ്പെടണം. കല്യാണക്കാര്യത്തിലും ചിലനിബന്ധനകളുണ്ടായിരുന്നു. രണ്ടുവക്കീലന്മാർ ഒരുവീട്ടിൽ വേണ്ട. വക്കീലന്മാരുടെ പലആലോചനകൾ വന്നെങ്കിലും സുധ പച്ചക്കൊടി കാട്ടിയില്ല. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനാണ് ഭർത്താവ്. വീട്ടിൽ മാനസിക അകലവും അന്യായവും പരാതികളുമായാൽ ജീവിതം എങ്ങനെ ശാന്തമായൊഴുകും എന്ന നിലപാടാണ്.
അടുത്തിടെ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരുടെ ഒരു ഒത്തുചേരലിന് മുൻകൈയെടുക്കതും അഡ്വക്കേറ്റ് സുധയായിരുന്നു. ആകെയുള്ള നാല്പത് പേരിൽ 35 പേരും പങ്കെടുത്തു. രണ്ടുപേർ വിദേശത്ത്. മറ്റു മൂന്നുപേർ ഭൂമുഖത്തുതന്നെയില്ല. അവരെ സ്മരിച്ചു കൊണ്ടായിരുന്നു കൂട്ടായ്മ തുടങ്ങിയത് തന്നെ. പഠനകാലത്തെ ഹൃദയത്തോടെ അതേ സ്വരത്തിൽ അതേഭാവത്തിലാണ് എല്ലാവരും ഇടപഴകിയത്. ഉള്ളിൽ പൂട്ടിവച്ചിരുന്ന പല രഹസ്യദുഃഖങ്ങളും പുറത്തെടുത്തു. ദാമ്പത്യകലഹങ്ങളുടെ കെട്ടഴിച്ചു. ചിലർക്ക് ജീവിതപങ്കാളിയെപ്പറ്റി നിരന്തരസംശയം. ചിലർക്ക് പങ്കാളിയുടെ സ്വത്തും പണവും വേണം. പങ്കാളിയെ തരം കിട്ടുമ്പോഴൊക്കെ അധിക്ഷേപിക്കുന്നതാണ് ഹോബി. ചിലർ പങ്കാളിയുടെ അച്ഛനമ്മമാരെ താറടിച്ചുരസിക്കും.അതാണ് പങ്കാളിക്ക് കൂടുതൽ വേദനയെന്ന് മനസിലാക്കിയായിരിക്കും ആ അടവ് പുറത്തെടുക്കുക.
ഒരുവർഷം കൂടി സഹിക്കും. അതു കഴിഞ്ഞിട്ടും ശാന്തതയില്ലെങ്കിൽ പിരിയും. മക്കളായിപ്പോയി. അതാണ് പിരിയുന്നതിന് വലിയതടസം. ചിലർക്ക് ദാരിദ്ര്യവും കഷ്ടപ്പാടുമാണ് ദുരിതം. അതൊഴികെ സംതൃപ്തിയാണ്. ക്ലാസിൽ പഠനത്തിൽ ഏറ്റവും മോശമായിരുന്ന ചന്ദ്രൻകുട്ടി ഗസറ്റഡ് ഓഫീസറാണ്. അന്നത്തെ വാചാലതയും നർമ്മബോധവും ഇപ്പോഴും കൂടെയുണ്ട്. അയാൾ സംസാരമദ്ധ്യേ പറഞ്ഞ ഒരു ഉപമ എല്ലാവർക്കും രസിച്ചു.
സർക്കസിലെ വന്യമൃഗങ്ങളെ ഇരുമ്പു കൂട്ടിലാണല്ലോ അടയ്ക്കുക. പ്രദർശന സമയമാകുമ്പോൾ കൂടാരത്തിൽ പ്രത്യേകസ്ഥലത്തുകൊണ്ടുവന്ന് തുറന്നുവിടും. പ്രദർശനം കഴിയുമ്പോൾ വീണ്ടും കൂട്ടിലാക്കും. ഇത്തരം ഇരുമ്പുകൂടുകൾ മിക്കവാറും വീടുകളിലും ഉണ്ടാകും. പുറമേ കാണാൻ പറ്റില്ല. കാരണം അദൃശ്യമായ കൂടുകളാണ്. വിവാഹം ക്ഷണിക്കാനോ ബന്ധുക്കൾ സന്ദർശിക്കാനോ പിരിവിനായോ വരുമ്പോൾ പ്രദർശനത്തിനായി മാതൃകാദമ്പതികളാകും. അവർ മടങ്ങുമ്പോൾ വീണ്ടും കൂടുകൾക്കുള്ളിലാകും. ഭർത്താവിന്റെ നല്ല ഗുണങ്ങൾ ഒന്നൊന്നായി വെട്ടിനിരത്തുന്ന ഭാര്യമാർ. ഭാര്യയെ അടക്കിയൊതുക്കി മിണ്ടാപ്രാണികളായി മാറ്റുന്നതിൽ രസിക്കുന്ന ഭർത്താക്കന്മാർ. ജന്മനാ കിട്ടിയതും കുടുംബപരമായി കിട്ടിയതുമായ സ്വഭാവഗുണങ്ങളെ പരിപോഷിപ്പിക്കാൻ പരസ്പരം ശ്രമിച്ചാൽ ജീവിച്ചുമതിയാകില്ല. ചന്ദ്രൻകുട്ടിയുടെ വാക്കുകൾകേട്ട് എല്ലാവരും കൈയടിച്ചു. അടുത്തവർഷം സകുടുംബമുള്ള ഒത്തുചേരൽ വേണമെന്നനിശ്ചയത്തോടെയാണ് ഒത്തുചേരൽ അവസാനിച്ചത്.
(ഫോൺ: 9946108220)