
ലണ്ടൻ: ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമാണ് ഇഡ്ഡലി. അരിയും ഉഴുന്നും ഒരൽപ്പം ഉലുവയും പാകത്തിന് അരച്ച് ഉപ്പു ചേർത്ത് വേവിച്ചെടുക്കുന്ന ഈ ഭക്ഷണം ഡയറ്റീഷ്യന്മാർ വരെ അംഗീകരിച്ചതാണ്. ആ ഇഡ്ഡലിയെ കുറ്റം പറഞ്ഞ ഒരു അദ്ധ്യാപകന്റെ ദുർഗതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ സംസാരവിഷയം.
ലോകത്തെ ബോറിംഗ് ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് ബ്രിട്ടനിലെ ചരിത്ര അദ്ധ്യാപകനായ എഡ്വേർഡ് ആന്റേഴ്സൺ ട്വിറ്ററിൽ കുറിച്ചത്. സൊമാറ്റോ ഇന്ത്യയുടെ ഒരു ചോദ്യത്തിന് മറുപടിയായി ആന്റേഴ്സൻ കുറിച്ചതായിരുന്നു ഇത്.
ലോകത്തിൽ എല്ലാവരും ഇഷ്ടപ്പെടാൻ കാരണമെന്തെന്ന് നിങ്ങൾക്ക് മനസിലാകാത്ത ഭക്ഷണം ഏതാണെന്നായിരുന്നു സൊമാറ്റോയുടെ ചോദ്യം. എഡ്വേർഡിന്റെ മറുപടിക്ക് കടുത്ത വിർമശനമാണ് ലഭിച്ചത്. ആ മനുഷ്യന് ആരെങ്കിലും യഥാർത്ഥ ഇഡ്ഡലി നൽകൂ എന്നാണ് ഒരാൾ കമന്റിട്ടത്. ഇഡ്ഡലിചമ്മന്തിപ്പൊടിയും കൂട്ടിക്കഴിച്ചാൽ കിട്ടുന്ന സ്വാദിന് പകരം വയ്ക്കാൻ ഒന്നുമില്ലെന്ന് മറ്റൊരാൾ. ഇഡ്ഡലിയിൽ ബട്ടർ ചേർത്ത് കഴിക്കൂവെന്ന് ഉപദേശിച്ച് മറ്റൊരാൾ... മറുപടികൾ അങ്ങനെ നീളുന്നു. ഇതിനിടെ സാക്ഷാൽ ശശി തരൂർ എം.പിയും എഡ്വേർഡിന് ഉത്തരവുമായി എത്തി. തരൂരിന്റെ മകൻ ഇഷാൻ ഇട്ട ട്വീറ്റ് ടാഗ് ചെയ്താണ് തരൂർ മറുപടിയിട്ടിരിക്കുന്നത്. ഇഡ്ഡലിയുടെ സ്വാദ് അംഗീകരിക്കുക, ക്രിക്കറ്റ് ആസ്വദിക്കുക, ഓട്ടൻതുള്ളൽ കാണുക തുടങ്ങിയവയൊന്നും നാഗരികതയുണ്ടെങ്കിലും നേടാൻ കഴിയില്ല. ജീവിതം എങ്ങനെയാണെന്നറിയാത്ത ആ മനുഷ്യനോട് അലിവ് തോന്നുന്നു എന്നും തരൂരിന്റെ ട്വീറ്റിൽ പറയുന്നു.