pho

ഓസ്ളോ: ലോകത്തെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളെ വിശപ്പിൽ നിന്ന് മോചിപ്പിക്കാൻ ആറു പതിറ്റാണ്ടായി യത്നിക്കുന്ന യു. എൻ ജീവകാരുണ്യ സംഘടനയായ 'വേൾഡ് ഫുഡ് പ്രോഗ്രാം' സമാധാനത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം നേടി. വിശ്വസമാധാനത്തിന് ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യവുമായി പോരാടുന്ന ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയാണ് 'വേൾഡ് ഫുഡ് പ്രോഗ്രാം'.

പന്ത്രണ്ടാം തവണയാണ് സമാധാന നോബൽ ഐക്യരാഷ്ട്ര സഭയിലേക്ക് ചെല്ലുന്നത്. സ്വ‌ർണ മെഡലും ഡിപ്ലോമയും എട്ടു കോടി രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

വിശപ്പിനെതിരെ പോരാടാനും സംഘർഷ മേഖലകളിൽ ഭക്ഷണം എത്തിച്ച് സമാധാനം മെച്ചപ്പെടുത്താനും വിശപ്പിനെ യുദ്ധത്തിനുള്ള ആയുധമാക്കുന്നത് തടയാനും നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്‌കാരമെന്ന് നോബൽ കമ്മിറ്റി പറഞ്ഞു. വിശക്കുന്നവർക്ക് ഹെലികോപ്‌റ്ററിലും ഒട്ടകത്തിന്റെ പുറത്തും ആനപ്പുറത്തുമൊക്കെ ഭക്ഷണമെത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണിത്. വിശപ്പിന്റെ ഭീഷണിയിൽ ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ദുരിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ എത്തിക്കാൻകൂടിയാണ് ഈ പുരസ്കാരമെന്നും അറിയിപ്പിൽ പറഞ്ഞു.

ഇത്തവണ സമാധാന നോബലിന് 318 നോമിനേഷനുകളാണ് ഉണ്ടായിരുന്നത്. 211 വ്യക്തികളും 107 സംഘടനകളും. ഡിസംബർ 10ന് ഓസ്ലോയിലാണ് സമ്മാനദാനം. കൊവിഡ് കാരണം ചടങ്ങ് നാമമാത്രമായിരിക്കും.

69 കോടി ജനം പട്ടിണിയിൽ

ലോകത്ത് 69 കോടി ജനങ്ങൾ പട്ടിണിയിലാണ്. ലോക ജനസംഖ്യയിൽ പതിനൊന്നിൽ ഒരാൾ ഒഴിഞ്ഞ വയറുമായാണ് ഉറങ്ങുന്നത്. ജോലിയും കൂലിയും ഇല്ലാതാക്കിയ കൊവിഡ് മഹാമാരി പട്ടിണിക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു

വർഷം 10 കോടിപ്പേർക്ക് ഭക്ഷണം

 1961ൽ ഐക്യരാഷ്‌ട്ര പൊതുസഭയാണ് വേൾഡ് ഫുഡ് പ്രോഗ്രാം സ്ഥാപിച്ചത്

 എല്ലാ വർഷവും 80ലേറെ രാജ്യങ്ങളിലെ പത്ത് കോടിപ്പേർക്ക് ഭക്ഷ്യ സഹായം എത്തിക്കുന്നു

 2030 ഓടെ ലോകത്തെ പട്ടിണി ഇല്ലാതാക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം

 36 അംഗ രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന ബോർഡിനാണ് ഭരണം. 17,​000 ജീവനക്കാ‌ർ

 അമേരിക്കയിലെ സൗത്ത് കരോലിന മുൻ ഗവർണർ ഡേവിഡ് ബീസ്‌ലി എക്‌സിക്യൂട്ടിവ് ഡയറക്ടർ

 ഇറ്റലിയിലെ റോം ആണ് ആസ്ഥാനം. എൺപതിലേറെ രാജ്യങ്ങളിൽ ഓഫീസുകൾ

 ലോക രാജ്യങ്ങളുടെയും വ്യക്തികളുടെയും മറ്റും സംഭാവനകളാണ് പ്രവർത്തന ഫണ്ട്

'' 2020ലെ സമാധാന നോബൽ പുരസ്കാരത്തിന് ഞങ്ങളെ പരിഗണിച്ച് ബഹുമാനിച്ച എല്ലാവർക്കും നന്ദി. ഇത് ലോകത്തിനു നൽകുന്ന മഹത്തായ ഓർമ്മപ്പെടുത്തലുണ്ട്- വിശപ്പും സമാധാനവും കൈകോർത്ത് നടക്കണം.''

- വേൾഡ് ഫുഡ് പ്രോഗ്രാം ട്വിറ്ററിൽ