
കഴിഞ്ഞ ഏതാനും വർഷങ്ങളെടുത്ത് പരിശോധിച്ചാൽ ഇന്ത്യൻ സേനവിഭാഗങ്ങൾക്കിടയിൽ ഏറ്റവും ആധുനികവത്കരണം നടന്നത് വ്യോമസേനയിലാണ്. പഴഞ്ചൻ യുദ്ധവിമാനങ്ങൾ കണ്ടംചെയ്ത് പുത്തൻ വിമാനങ്ങൾ വാങ്ങുവാൻ വിവാദങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുവാനാണ് കേന്ദ്രം തയ്യാറായത്. ഇതിന്റെ ഫലമായി ഫ്രാൻസിൽ നിന്നും റാഫേലും, അമേരിക്കയിൽ നിന്നും അപ്പാച്ചെ, ചിനൂക്ക് തുടങ്ങിയ മുൻനിര യുദ്ധ/ ചരക്ക് വിമാനങ്ങളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കാൻ കഴിഞ്ഞു. ഇക്കഴിഞ്ഞ വ്യോമസേന ദിനത്തിലും ഈ കരുത്തൻമാരുടെ പ്രകടനത്തിന് ലോകം സാക്ഷ്യം വഹിക്കുകയും ചെയ്തു. പുത്തൻ യുദ്ധവിമാനങ്ങളെത്തിയതോടെ പാകിസ്ഥാൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയേ അല്ലാതായി തീർന്നിരിക്കുകയാണ്. ചൈനയെ മുഖ്യ ശത്രുവായി പ്രതിഷ്ഠിച്ചാണ് ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ മുന്നേറ്റം.
വ്യോമസേന ദിനമായ ഇന്നലെ ഇന്ത്യൻ പോർവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചിരുന്നു. അഭ്യാസ പ്രകടനങ്ങൾക്കായി റാഫേലുൾപ്പടെയുള്ള വിമാനങ്ങളുടെ ഫൈനൽ റിഹേഴ്സലിന്റെ വീഡിയോകളും ദിവസങ്ങൾക്ക് മുൻപേ പുറത്തുവന്നിരുന്നു. അനായാസം ഇന്ത്യൻ പൈലറ്റുമാർ പുത്തൻ വിമാനങ്ങളിൽ തങ്ങളുടെ കഴിവ് ലോകത്തിന് മുൻപിൽ കാഴ്ച വയ്ക്കുമ്പോൾ ഇന്ത്യയുടെ ശത്രുരാജ്യമായ പാകിസ്ഥാനിലും ചില പരിശീലനങ്ങൾ അരങ്ങേറുകയായിരുന്നു. ഇസ്ലാമാബാദ് ലാഹോർ ഹൈവേയിൽ യുദ്ധവിമാനങ്ങളിറക്കിയാണ് പാകിസ്ഥാൻ വ്യോമസേന പരിശീലനം നടത്തിയത്. വിവിധ സ്‌ക്വാഡ്രണുകളിൽ വിവിധ യുദ്ധവിമാനങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോയും പാക് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
After landing, the aircraft were refueled before they took off for respective bases. Interacting with the participating crew the Federal Minister lauded PAF for living up to the expectation of the nation on 27 Feb 2019, when a befitting response was given to the enemy. pic.twitter.com/C7Ja7jFBTT
— DGPR (AIR FORCE) (@DGPR_PAF) October 7, 2020
യുദ്ധസമാനമായ സാഹചര്യത്തിലാണ് പ്രധാനമായും ഇത്തരത്തിലുള്ള പരിശീലനമുറകൾ നടത്തുന്നത്. ശത്രുക്കൾ രാജ്യത്തെ എയർ സ്ട്രിപ്പോ, വിമാനത്താവളങ്ങളോ ലക്ഷ്യം വയ്ക്കുകയും, നശിപ്പിക്കുകയും ചെയ്താൽ പ്രവർത്തനം തടസപ്പെടാതിരിക്കുവാനാണ് വിമാനങ്ങൾ പൊതു നിരത്തുകളിൽ ലാന്റുചെയ്യേണ്ടി വരുന്നത്. അടിയന്തര ലാൻഡിംഗിനും ടേക്ക് ഓഫ് തയ്യാറെടുപ്പുകൾക്കുമായി പൈലറ്റുമാർക്ക് പരിശീലനം നൽകുക എന്നതാണ് ഇത്തരം പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പുൽവാമ തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയെന്നോണം ഇന്ത്യൻ പോർവിമാനങ്ങൾ പാക് അതിർത്തി ഭേദിച്ച് ബലാക്കോട്ടിൽ തീവ്രവാദ കേന്ദ്രത്തിൽ ബോംബ് വർഷിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യമായിരുന്നു ഇരു രാഷ്ട്രങ്ങൾക്കിടയിലും അതിനടുത്ത ദിവസങ്ങളിൽ ഉരുണ്ട്കൂടിയത്. എന്നാൽ അന്നൊന്നും പ്രയോഗിക്കാത്ത പരിശീലന മുറയാണ് ഇന്ത്യൻ വ്യോമസേന ദിനത്തിന് തൊട്ട് മുൻപായി പാകിസ്ഥാൻ നടത്തിയത്. 2015ൽ ഉത്തർപ്രദേശിലെ മഥുര ദേശീയ പാതയിൽ മിറാഷ് വിമാനങ്ങളിറക്കി ഇന്ത്യ പരിശീലനം നടത്തിയിരുന്നു.
ഇന്ത്യയുടെ പ്രഹരശേഷി പതിൻമടങ്ങ് വർദ്ധിക്കുമ്പോഴും കാഴ്ചക്കാരായി നോക്കിയിരിക്കുവാൻ മാത്രമേ പാകിസ്ഥാന് ഇപ്പോൾ കഴിയുന്നുള്ളു. സാമ്പത്തിക പരാധീനതകൾക്കിടയിൽ പുത്തൻ ആയുധങ്ങൾ വാങ്ങുവാൻ കഴിയാത്തതും, തീവ്രവാദികളുടെ പ്രഭവസ്ഥാനം എന്ന ദുഷ്‌പേര് കാരണവും ചൈനയുമായുള്ള അടുപ്പവും കാരണം പടിഞ്ഞാറൻ രാജ്യങ്ങൾ പാകിസ്ഥാന് ആയുധങ്ങൾ വിൽക്കുവാൻ തയ്യാറാകുന്നില്ല, ചൈനയുടെ ആയുധങ്ങൾ മാത്രമാണ് ഇപ്പോൾ പാകിസ്ഥാന് ആശ്രയം.