
മുംബയ്: പുതിയ ഭവന വായ്പകളുടെ പലിശഭാരം കുറയാനും വായ്‌പാ വിതരണം കൂട്ടാനുമുള്ള നടപടിയുമായി റിസർവ് ബാങ്ക്. മുഖ്യ പലിശനിരക്കുകൾ നിലനിറുത്തിക്കൊണ്ട് ഇന്നലെ പ്രഖ്യാപിച്ച ധന നയത്തിൽ കയറ്റുമതി മേഖലയ്ക്കും ചെറുകിട ബിസിനസുകൾക്കും വ്യക്തികൾക്കും നേട്ടമാകുന്ന നടപടികളുമുണ്ട്.
ഭവന വായ്‌പകളിന്മേൽ ബാങ്കുകളുടെ ബാദ്ധ്യത (റിസ‌്ക് വെയ്‌റ്റ്) കുറയ്ക്കുന്നതാണ് പ്രധാന പ്രഖ്യാപനം. 2022 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്‌പകൾക്കാണ് ബാധകം. റിസ‌്‌ക് വെയ്‌റ്റ് കുറച്ചുകൊണ്ട്, അതിനെ വായ്‌പയുടെ ലോൺ ടു വാല്യുവുമായി (എൽ.ടി.വി) ബന്ധിപ്പിക്കും. ബാദ്ധ്യത കുറയുന്നതോടെ കൂടുതൽ തുക ഭവന വായ്‌പയായി നീക്കിവയ്ക്കാൻ ബാങ്കുകൾക്ക് കഴിയും. ഇതോടെ പലിശനിരക്കും കുറയും.
നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്റീവ് 9.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് വിലയിരുത്തിയ റിസർവ് ബാങ്ക്, 2021-22ൽ മികച്ച വളർച്ചയിലേക്ക് തിരിച്ചെത്തുമെന്നും വ്യക്തമാക്കി.
മറ്റു പ്രഖ്യാപനങ്ങൾ
 കയറ്റുമതി മേഖലയ്ക്ക് ഉണർവേകാൻ ഓട്ടോമാറ്റിക് കോഷൻ ലിസ്‌റ്റിംഗ് ഒഴിവാക്കും
 ആർ.ടി.ജി.എസ് ഇടപാടുകൾ ഡിസംബർ മുതൽ ആഴ്‌ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും
 ചെറുകിട സംരംഭകർക്കും വ്യക്തികൾക്കും 75% റിസ്‌ക് വെയ്റ്റ് പ്രകാരം 7.5 കോടി വരെ വായ്‌പ
(വിശദ വാർത്ത വാണിജ്യം പേജിൽ)