
വാഷിംഗ്ടൺ: വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചാൽ ഒരു മാസത്തിനുള്ളിൽ വൈസ് പ്രസിഡന്റായ കമല ഹാരിസ് അധികാരം പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ടിവിയ്ക്കു നൽകിയ അഭിമുഖത്തിലാണ് വളരെ രൂക്ഷമായ ഭാഷയിൽ ട്രംപ് കമലയെ വിമർശിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ നടത്തിയ സംവാദത്തിൽ കമലയുടെ പ്രകടനം ഭയാനകം എന്നാണ് പറഞ്ഞത്. അവരൊരു കമ്മ്യൂണിസ്റ്റാണെന്നും ട്രംപ് പറയുന്നു. നമ്മൾ ഒരു കമ്മ്യൂണിസ്റ്റിനെയാണോ തിരഞ്ഞെടുക്കേണ്ടത്. സംവാദ വേളയിൽ ഞാൻ ജോയെ കണ്ടു. അയാൾ രണ്ടു മാസം പോലും അധികാരത്തിൽ തികയ്ക്കില്ലെന്ന് തനിക്ക് മനസിലായി എന്നും ട്രംപ് പറയുന്നു. അതിർത്തികൾ തുറന്നിട്ടാൽ പീഡനവീരന്മാരും കൊലപാതകികളും സുഗമമായി രാജ്യത്തേക്ക് കടന്നുവരുമെന്നും ഉയർന്ന ടാക്സിനെക്കുറിച്ചും മറ്റും മാത്രമാണ് കഴിഞ്ഞ ഒരുവർഷമായി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
വീഡിയോ കോൺഫറൻസാണോ
സംവാദത്തിനില്ല: ട്രംപ്
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനുമായുള്ള അടുത്ത സംവാദം വീഡിയോ കോൺഫറൻസിലൂടെയാണെങ്കിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഒരു വെർച്വൽ സംവാദത്തിനായി തന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് ഒരു മാദ്ധ്യമത്തിന് നൽകിയ ടെലഫോൺ അഭിമുഖത്തിൽ പറഞ്ഞു.
ഒക്ടോബർ 15നാണ് രണ്ടാം സംവാദം നടക്കേണ്ടത്. സംവാദം വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് പങ്കെടുക്കുന്ന രീതിയിലായിരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഈ നിർദ്ദേശമാണ് ട്രംപ് തള്ളിയത്.
കൊവിഡ് മുക്തനാകാതെ ട്രംപുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.