
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകയായ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 13 പേർ അറസ്റ്റിൽ. വോൾവെറിൻ വാച്ച്‌മെൻ എന്ന സർക്കാർ വിരുദ്ധ തീവ്രസംഘടനയിലെ ഏഴ് അംഗങ്ങളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ട്രംപിനെ ഗ്രെച്ചൻ പരസ്യമായി വിമർശിച്ചിരുന്നു. ഇരുന്നൂറോളം അംഗങ്ങളെ സംഘടിപ്പിച്ച് ലാൻസിംഗിലെ സ്‌റ്റേറ്റ് ക്യാപ്പിറ്റോൾ കെട്ടിടം ആക്രമിച്ച് ആളുകളെ ബന്ദിയാക്കാനായിരുന്നു വോൾവെറിൻ വാച്ച്‌മെന്റെ ആദ്യ പദ്ധതി. പിന്നീടാണ് ഗ്രെച്ചനെ അവധിക്കാല വസതിയിൽ നിന്നു തട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചത്. മിഷിഗൺ ഹൈവേ പാലത്തിൽ ബോംബ് സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രതികൾ നടത്തിയ ആശയവിനിമയം അന്വേഷണ ഏജൻസികൾ ചോർത്തിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ഗവർണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാനാണ് അറസ്റ്റിലായ വോൾവെറിൻ വാച്ച്‌മെൻ നേതാവ് ആദം ഫോക്സ് തീരുമാനിച്ചിരുന്നത്. മിഷിഗണിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളിൽ തുടരാൻ ഗ്രെച്ചൻ ഉത്തരവിട്ടത് ട്രംപ് ക്യാംപിനെ ചൊടിപ്പിച്ചിരുന്നു. നിയന്ത്രണങ്ങൾക്കെതിരെ തീവ്രസംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജോ ബൈഡന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന ഗ്രെച്ചനെ ഒരുഘട്ടത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായും പരിഗണിച്ചിരുന്നു.