
ധാക്ക: ചൈനീസ് സാധനങ്ങൾക്ക് ലോകത്താകെ വിപണിയുള്ളത് ഗുണമേന്മയുടെ പേരിലല്ല മറിച്ച് വിലക്കുറവിന്റെ മികവിലാണ്. ഓസിന് കിട്ടിയാൽ ആസിഡും കഴിക്കുന്നവർ ചൈന എന്ത് നൽകിയാലും രണ്ട് കൈയും നീട്ടി വാങ്ങും. അങ്ങനെ വാങ്ങി പണി വാരിക്കൂട്ടി ഇരിക്കുകയാണ് നമ്മുടെ അയൽരാജ്യമായ ബംഗ്ളാദേശ്. രാജ്യസുരക്ഷയ്ക്കായുള്ള 44 വി.ടി 1 എ ടാങ്കുകളാണ് ബംഗ്ലാദേശ് ചൈനയിൽ നിന്ന് വാങ്ങിയത്. കാഴ്ചയിൽ മാത്രമല്ല സമതല മേഖലയിൽ പ്രവർത്തിക്കുന്നതിലും അസാമാന്യ കഴിവായിരുന്നു ടാങ്കുകൾക്കെന്നാണ് ഇരു രാജ്യങ്ങളും അവകാശപ്പെട്ടത്.
എന്നാൽ, ആ അഭിപ്രായം മാറാൻ അധിക സമയം വേണ്ടിവന്നില്ല. ദുർഘടമായ ഉയരമുള്ള സ്ഥലങ്ങളിൽ കയറിപ്പറ്റാൻ ടാങ്കുകൾ മൂക്കിട്ട് ക്ഷ... ട്ട.. വരച്ചു തുടങ്ങി. ഇതോടെ ബംഗ്ളാദേശിന് അപകടം മണത്തു.അതേക്കുറിച്ച് ചോദിച്ചപ്പോൾ ചൈന കൈ മലർത്തുകയും ചെയ്തു.വില തുച്ഛമായിട്ട് കാര്യമില്ല ഗുണം മെച്ചമാകണമെന്ന യാഥാർത്ഥ്യ ബോധവും ബംഗ്ലാദേശിന് വന്നു.
വിടി 1 എ ടാങ്കുകളിൽ ഉപയോഗിച്ച എൻജിൻ നിർമ്മിച്ചത് ഉക്രെയ്നിലായിരുന്നു. ഒരു കാലത്ത് ആയുധ നിർമ്മാണത്തിൽ മുമ്പന്മാരായിരുന്ന ഉക്രയ്ൻ ഇപ്പോൾ വളരെ ശോചനീയാവസ്ഥയിലാണ്. വിടി 1 എ ടാങ്കുകളിൽ ഉപയോഗിക്കുന്ന 6 ടിഡി 2 എൻജിൻ എൺപതുകളിൽ സോവിയറ്റ് നിർമ്മിത എൻജിനുകളുടെ മാതൃകയാണ്. അടുത്തിടെ പെറുവിന് ടാങ്ക് വിൽപ്പന നടത്തുന്നതിന്റെ ഭാഗമായി ചൈനയും ഉക്രെയ്നും ഉടക്കി. കുറഞ്ഞ വിലയിൽ ചൈന കരാർ നേടുകയും ചെയ്തു.
ഇതോടെ ഉക്രെയ്ൻ ചൈനയുമായി തെറ്റുകയും തങ്ങളുടെ രാജ്യത്ത് നിന്നും ചൈന വാങ്ങിയ ആയുധങ്ങളുടെ ഭാഗങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ നിന്നും ചൈനയെ വിലക്കുകയും ചെയ്തു. ഇതോടെയാണ് ബംഗ്ളാദേശ് കഷ്ടത്തിലായത്. ടാങ്കുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള സ്‌പെയർ പാർട്സ് കിട്ടാനില്ല. എന്നാൽ ഇനി കയറ്റുമതി ചെയ്യുന്ന ടാങ്കുകൾക്ക് സ്വന്തമായി രൂപകൽപ്പന ചെയ്യുന്ന എൻജിൻ ഉപയോഗിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതോടെ എൻജിനുകളുടെ വിപണി നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഉക്രയ്ൻ.
ചൈന നിർമ്മിച്ച വിടി 1 എ ടാങ്ക് സോവിയറ്റ് ടി 54ന്റെ നവീകരിച്ച പതിപ്പാണ്. ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായിട്ടാണ് വിടി 1 എ ചൈനക്കാർ നിർമ്മിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇതിന് അവർ ഇരയാക്കുന്നത്. എന്നാൽ ടാങ്കുകളുടെ മാർക്കറ്റിംഗിനായി ചൈനയൊരുക്കുന്ന വിദ്യകളാൽ, റഷ്യയുടെ ടി 90 നേക്കാൾ ഈ ടാങ്കുകൾ മികച്ചതാണെന്ന് ആർക്കും തോന്നും.