
വാഷിംഗ്ടൺ: വാക്സിൻ പരീക്ഷണങ്ങൾ പ്രതീക്ഷ ഉയർത്തുന്നതിനിടയിലും കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 36,802,545 ഉം മരണം 1,067,551 ഉം ആയി. ആകെ രോഗമുക്തർ 27,696,565.
അതേസമയം, ലോകാരോഗ്യ സംഘടനയുടെ കീഴിൽ നടക്കുന്ന കൊവാക്‌സ് പരീക്ഷണങ്ങൾക്ക് ചൈന പിന്തുണ നൽകിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ രാജ്യങ്ങൾ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കൊവാക്‌സ് ഉദ്യമത്തിൽ പങ്കാളിയാകുന്നതായി ചൈന ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഏത് തലത്തിലുള്ള പിന്തുണയാണ് നൽകുകയെന്ന കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. കൊവാക്സിനെ പിന്തുണയ്ക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുമെന്നാണു പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പരീക്ഷണങ്ങളിൽ മികച്ച ഫലം തരുന്ന കൊവിഡ് വാക്‌സിനുകൾ വാങ്ങാനുള്ള നീക്കം സമ്പന്ന രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വിവിധ മരുന്ന് കമ്പനികളുമായി കരാർ സ്ഥാപിച്ചു. ഉത്‌പാദിപ്പിക്കുന്ന വാക്‌സിനുകളുടെ മുക്കാൽ പങ്കും ഈ രാജ്യങ്ങളാകും സ്വന്താക്കുക. ഈ സാഹചര്യത്തിൽ സാമ്പത്തിക നില മെച്ചമല്ലാത്ത രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് ധനശേഷി കുറഞ്ഞ രാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യത ഉറപ്പാക്കാനുള്ള കൊവാക്‌സ് പരീക്ഷണങ്ങൾക്ക് ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചത്. ഈ ഉദ്യമത്തിലേക്കാണ് ചൈന പങ്കാളിയാകുന്നത്.
എല്ലാ രാജ്യങ്ങൾക്കും കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന നിലപാടിൽ നിന്ന് മരുന്ന് കമ്പനികൾ പിന്നോട്ട് പോകുകയാണ്. കൂടുതൽ പണം നൽകുന്നവർക്ക് ആദ്യം വാക്‌സിൻ എന്ന രീതിയിലേക്കാണ് കമ്പനികൾ നീങ്ങുന്നത്. ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതും ഉത്‌പാദനവും വിതരണവും സംബന്ധിച്ച ആശങ്കയുമാണ് കമ്പനികളെ ഇത്തരത്തിൽ ചിന്തിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഓക്‌സ്‌ഫഡിന്റെ വാക്‌സിൻ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാനുള്ള സാദ്ധ്യത അടുത്തവർഷം ജൂലായ് വരെ മാത്രമാണെന്നും അതിനു ശേഷം വില ഉത്പാദക കമ്പനിയായ അസ്ട്രാസെനക തീരുമാനിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.