
കൊച്ചി: കൊവിഡിൽ തകർന്ന റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കും പുതുതായി ഭവന വായ്‌പ തേടുന്നവർക്കും ബാങ്കുകൾക്കും ഒരുപോലെ ഉപകാരമായവിധം ഭവന വായ്‌പകളുടെ റിസ്‌ക് വെയ്‌റ്റ് കുറച്ച്, അതിനെ വായ്‌പയുടെ ലോൺ ടു വാല്യൂവുമായി (എൽ.ടി.വി) ബന്ധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
2022 മാർച്ച് 31 വരെ അനുവദിക്കുന്ന പുതിയ വായ്‌പകൾക്കാണ് ബാധകം. എൽ.ടി.വി 80 ശതമാനമോ അതിനു താഴെയോ ആണെങ്കിൽ 35 ശതമാനമായിരിക്കും റിസ്‌ക് വെയ്‌റ്റ്. നേരത്തേയിത് 50 ശതമാനമായിരുന്നു. എൽ.ടി.വി 80 ശതമാനത്തിനുമേൽ 90 ശതമാനം വരെയെങ്കിൽ 50 ശതമാനം.
ഒരു വായ്‌പ കിട്ടാക്കടമായാൽ, പ്രതിസന്ധി പരിഹരിക്കാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കരുതൽ ധന പരിധിയാണ് റിസ്‌ക് വെയ്‌റ്റ്.
ഇനിമുതൽ ഭവന വായ്‌പയുടെ എൽ.ടി.വി 80ശതമാനത്തിനു താഴെയെങ്കിൽ ബാങ്കുകൾ 35 ശതമാനം തുക റിസ്‌ക് വെയ്റ്റായി കരുതിയാൽ മതി. എൽ.ടി.വി 80 ശതമാനത്തിനുമേൽ ആണെങ്കിൽ 50 ശതമാനവും. റിസ്‌ക് വെയ്റ്റ് പരിമിതപ്പെടുത്തിയതിനാൽ ഭവന വായ്‌പയ്ക്കായി കൂടുതൽ പണം നീക്കിവയ്ക്കാൻ ബാങ്കുകൾക്ക് കഴിയും. ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പയും കിട്ടും.
നേരത്തേ, 75 ലക്ഷം രൂപയ്ക്ക് താഴെയുള്ള വായ്‌പകൾക്കായിരുന്നു ഈ നിബന്ധന. ഇത്, തുക നോക്കാതെ എല്ലാ ഭവന വായ്‌പയ്ക്കും ബാധകമാക്കിയത്, വായ്‌പകളെ കൂടുതൽ സുരക്ഷിതമാക്കും.
75 ലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പകൾക്ക് റിസ്‌ക് വെയ്റ്റായി കൂടുതൽ മൂലധനം മാറ്റിവയ്‌ക്കേണ്ടതിനാൽ ഇവയ്ക്ക് ഉയർന്ന പലിശനിരക്കാണ് ബാങ്കുകൾ ഈടാക്കിയിരുന്നത്. ഇപ്പോൾ റിസ്‌ക് വെയിറ്റ് കുറഞ്ഞതിനാൽ, ആനുപാതികമായി പലിശനിരക്കും താഴും.