
ടോക്കിയോ: അടുത്ത മാസത്തോടെ 12 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാനൊരുങ്ങി ജപ്പാൻ. ഇന്തോനേഷ്യ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, തായ്‌വാൻ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കാണ് പിൻവലിക്കുക. ആദ്യ ഘട്ടത്തിൽ പ്രതിദിനം 1000 വിദേശികളെ രാജ്യത്ത് പ്രവേശിക്കാൻ അനുവാദം നൽകും. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എണ്ണം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. അനാവശ്യവും അത്യാവശ്യമില്ലാത്തതുമായ യാത്രകൾ പൗരന്മാർ ഒഴിവാക്കണമെന്ന് ജപ്പാൻ സർക്കാർ അറിയിച്ചിട്ടുണ്ട്. ജപ്പാനിലേക്ക് എത്തുന്ന യാത്രക്കാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കമ്പനികളും സ്പോൺസർമാരും സംഘടനകളും യാത്രക്കാർക്ക് 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കണം. ഈ സന്ദർഭത്തിൽ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 159 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് ജപ്പാൻ വിലക്ക് ഏർപ്പെടുത്തിയത്.