lalu-prasad-yadav

റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ ചായ്ബാസ ട്രഷറി തട്ടിപ്പ് കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോൾ ലാലു ചായ്ബാസ ട്രഷറിയിൽ നിന്ന് 33.67 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

എങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ലാലുവിന് കാത്തിരിക്കേണ്ടി വരും. കാലിത്തീറ്റ കുംഭകോണത്തിലെ മറ്റൊരു കേസായ ദുംക ട്രഷറി തട്ടിപ്പ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതേ ഉള്ളൂ. കാലിത്തീറ്റ കുംഭകോണത്തിൽ മൂന്ന് കേസുകളിൽ മൂന്നര,​ അഞ്ച്,​ 14 വർഷം വീതം തടവിന് ശിക്ഷിക്കപ്പെട്ട ലാലു 2017 ഡിസംബർ മുതൽ ജയിലിലാണ്. മറ്റ് മൂന്ന് കേസുകൾ കൂടിയുണ്ട്. ദേവ്ഗഡ് ട്രഷറി തട്ടിപ്പ് കേസിൽ 2013ൽ ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. വരുന്ന 28ന് ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലും പ്രചാരണ പരിപാടികളിലൊന്നും ലാലുവിന് പങ്കെടുക്കാൻ കഴിയില്ല. ഇതാദ്യമായാണ് ലാലുവില്ലാതെ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.