
സിനിമാ ലോകത്തോട് വിടപറഞ്ഞ് ആത്മീയതയുടെ പാതയിലേക്ക് കടക്കുന്നതായി ബോളിവുഡ് നടിയും ടെലിവിഷൻ താരവുമായ സനാ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആത്മീയതയാണ് ഇനി തന്റെ മാർഗമെന്ന് സന വ്യക്തമാക്കിയത്. ഇനി സൃഷ്ടാവിനെ പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനുഷ്യത്വത്തെ സേവിക്കാനാണ് ഉദ്ദേശമെന്നും സന പറയുന്നു. ജീവിതത്തിന്റെ നിർണായകഘട്ടത്തിലാണ് താൻ ഇപ്പോഴെന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധയായ സന ചൂണ്ടിക്കാട്ടുന്നത്.
നൃത്ത സംവിധായകൻ മെൽവിൻ ലൂയിസുമായി സന പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു. ' വർഷങ്ങളായി ഞാൻ വിനോദ മേഖലയുടെ ഭാഗമായിരുന്നു. അതിലൂടെ തനിക്ക് പ്രശസ്തിയും പണവും ആരാധകരെയും ലഭിച്ചു. പക്ഷേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ചില കാര്യങ്ങൾ മനസിലായി. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണോ മനുഷ്യൻ ഈ ലോകത്തേക്ക് വരുന്നത്. ? നിസഹായരാവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും അവർക്ക് വേണ്ടി കൂടി ജീവിക്കുക എന്നതും അവരുടെ കർത്തവ്യത്തിന്റെ ഭാഗമല്ലേ. ?
ഏത് നിമിഷവും ഒരാൾക്ക് മരണം സംഭവിച്ചേക്കാം. ഭൂമിയിൽ നിന്നും ഇല്ലാതാകപ്പെടുമ്പോൾ എന്താണ് സംഭവിക്കുക? എന്നെ കുറേ ദിവസമായി പിന്തുടരുന്ന ചോദ്യങ്ങളാണിത്. പ്രത്യേകിച്ചു മരണശേഷം എന്തു സംഭവിക്കുന്നു എന്നത്. ഈ ചോദ്യം ഞാൻ എന്റെ മതത്തോട് ചോദിച്ചു. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഭൂമിയിലെ ജീവിതമെന്ന് ഞാൻ തിരിച്ചറിയുന്നു. അതിനായി സൃഷ്ടാവിനെ അറിയുക. സൃഷ്ടാവിന്റെ കല്പനകൾ പാലിക്കുക. പണവും പ്രശസ്തിയുമല്ല പ്രധാന കാര്യം. ' സനാ ഖാൻ വ്യക്തമാക്കി.
ആത്മീയതയിലേക്ക് കടക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ തന്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും തന്റെ ചില ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യുകയും ചെയ്തു. നേരത്തെ, ആമിർ ഖാന്റെ ദംഗലിലൂടെ പ്രസിദ്ധയായ സൈറാ വാസിമും സമാന രീതിയിൽ അഭിനയം നിറുത്തുന്നതായി അറിയിച്ചിരുന്നു. സിനിമയും അഭിനയവും തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സൈറ സിനിമ വിട്ടത്.