
യു. എൻ:1961ൽ ഐക്യരാഷ്‌ട്ര സഭയിൽ ആരംഭിച്ച ഭക്ഷ്യ സഹായ ഏജൻസിയായി വേൾഡ് ഫുഡ് പ്രോഗ്രാം 1963ൽ സുഡാനിലാണ് ആദ്യ ഭക്ഷ്യ വിതരണം. എല്ലാ വർഷവും 80ലേറെ രാജ്യങ്ങളിലെ പത്ത് കോടിയോളം ദരിദ്ര ജനങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിക്കുന്നു. 1500 കോടി റേഷൻ കിറ്റുകളാണ് വിതരണം ചെയ്‌തത്. സ്‌ത്രീകളും കുട്ടികളുമാണ് ഏറ്റവും പട്ടിണി ദുരിതം അനുഭവിക്കുന്നതെന്ന് സംഘടന പറയുന്നു.
യെമൻ പോലുള്ള യുദ്ധഭൂമികളിൽ ലോക ഭക്ഷ്യ സംഘടനയുടെ സേവനം നിസ്‌തുലമാണ്. യെമനിലെ സംഘർഷത്തിൽ 30 ലക്ഷം ജനങ്ങളാണ് ദുരിതത്തിലായത്. രാജ്യം കൊടിയ ക്ഷാമത്തിന്റെ വക്കിലാണ്. മൂന്ന് കോടി ജനസംഖ്യയിൽ മൂന്നിൽ രണ്ടും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലയുകയാണ്. യുദ്ധവും സംഘർഷങ്ങളും അവസാനിക്കാതെ പട്ടിണി മാറില്ലെന്ന് സംഘടന നിരന്തരം പറയുന്നു.
കൊവിഡ് കാരണം വരുമാനം നിലയ്ക്കുകയും ഭക്ഷ്യ സാധനങ്ങൾക്ക് വില കൂടുകയും വിതരണ ശൃംഖലകൾ തകരുകയും ചെയ്‌തത് ലോകമെമ്പാടും വിശപ്പ് രൂക്ഷമാക്കി. കോംഗോ, നൈജീരിയ, ദക്ഷിണ സുഡാൻ, ബുർക്കിന ഫാസോ തുടങ്ങിയ നിരവധി രാജ്യങ്ങൾ പട്ടിണിയുടെ വക്കിലാണ്. ഈ രാജ്യങ്ങളെല്ലാം സംഘടനയുടെ എമർജൻസി സഹായ ലിസ്റ്റിലാണ്. കൊവിഡ് സൃഷ്‌ടിച്ച ആഗോള മാന്ദ്യം കാരണം പതിമ്മൂന്ന് കോടിയോളം ജനങ്ങൾ കൂടി പട്ടിണിയിലാകുമെന്നാണ് ജൂലായിൽ യു. എൻ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഭക്ഷ്യപദ്ധതിയുടെ ഉത്തരവാദിത്തം ഏറി.