
ലാഹോർ: 'അശ്ലീലവും അസഭ്യവുമായ' ഉള്ളടക്കത്തെ കുറിച്ചുള്ള പരാതികൾ ലഭിച്ചതിനെ തുടർന്ന് ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ പ്രവർത്തനംതടസപ്പെടുത്തി പാകിസ്ഥാൻ.ചൈനീസ് സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ തയ്യാറാകാത്തതിനാലാണ് ടിക് ടോക്ക് തടസപ്പെടുത്തുന്നതെന്നും പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി വിശദീകരിക്കുന്നു.
ആപ്പിലെ സഭ്യമല്ലാത്തതും സദാചാരവിരുദ്ധമായ ഉള്ളടക്കത്തെ കുറിച്ച് സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ പരാതികൾ നൽകിയിരുന്നു എന്നും അധികൃതർ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് ജൂലായിൽ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ടിക് ടോക്കിന് മുന്നറിയിപ്പ് നൽകുകയും തുടർന്ന് 37 ലക്ഷം വീഡിയോകൾ തങ്ങൾ നീക്കം ചെയ്തിരുന്നുവെന്നാണ് ടിക് ടോക് പറയുന്നത്.
എന്നാൽ പിന്നീടും ഇത്തരം വീഡിയോകൾ ആപ്പിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി പറയുന്നു. അവസാന നോട്ടീസ് നൽകിയ ശേഷമാണ് ആപ്പിനെ ബ്ലോക്ക് ചെയ്ത നടപടിയിലേക്ക് തങ്ങൾ നീങ്ങിയതെന്നും അധികൃതർ പറയുന്നു. എന്നാൽ സർക്കാർ നിർദേശങ്ങളോട് സഹകരിക്കാൻ ആപ്പ് തയ്യാറാകുകയാണെങ്കിൽ തങ്ങൾ ഈ നടപടി പിൻവലിക്കുമെന്നും അധികൃതർ പറയുന്നുണ്ട്.
ചൈനയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നയങ്ങൾ സ്വീകരിച്ച് പോന്നിരുന്ന പാകിസ്ഥാൻ 'സംസ്കാരത്തിന്റെ' പേരിൽ ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് ശ്രദ്ധേയമാണ്. 2020 ജൂണിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ് എന്ന്കണ്ടുകൊണ്ട് ഇന്ത്യ ടിക് ടോക്ക് അടക്കമുള്ള 150ൽപരം ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.