
ഹോങ്കോംഗ്: ചൈനീസ് കമ്യൂണിസ്റ്റ് നേതാവായ മാവോ സേ തൊംഗിന്റെ മോഷണം പോയ കൈയെഴുത്തു പ്രതികൾ കീറിയ നിലയിൽ കണ്ടെത്തി. കോടികൾ വിലവരുന്ന കൈയെഴുത്തു പ്രതികൾ കഴിഞ്ഞ മാസമാണ് മോഷ്ടിക്കപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഹോങ്കോംഗ് പൊലീസ് മൂന്നു ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെപ്തംബർ 10ന് പുരാവസ്തുക്കൾ ശേഖരിക്കുന്ന ഫു ചങ്ങ്സിയാവോയുടെ വീട്ടിൽ നിന്നാണ് കോടിക്കണക്കിന് രൂപയുടെ പുരാവസ്തുക്കൾ മൂന്ന് പേർ ചേർന്ന് മോഷ്ടിച്ചത്. ഇതിൽ മാവോയുടെ കൈയെഴുത്തു പ്രതികളും ഉൾപ്പെടുകയായിരുന്നു. വളരെ നീളം കൂടിയ കൈയെഴുത്തു പ്രതികൾ 65 യു.എസ് ഡോളർ നൽകി ഒരാൾ വാങ്ങി. അയാളാണ് അത് കൊണ്ടു നടക്കാനും പ്രദർശിപ്പിക്കാനുമുള്ള സൗകര്യത്തിനായി കീറിമുറിച്ചതെന്നാണ് ഹോങ്കോങ് ക്രൈം ആൻഡ് ട്രയാഡ് ബ്യൂറോ സീനിയർ സൂപ്രണ്ട് ടോണി ഹോ പറയുന്നത്. മാവോ എഴുതിയ ഒരു പദ്യമാണ് ആ കുറിപ്പുകളിലുള്ളത്. അതിന്റെ നിലവിലെ മതിപ്പുവില 300 മില്യൺ യു.എസ് ഡോളറാണ്.