pic

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരാൻ ഡി.ആർ.ഡി.ഒ സംഘം വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈലായ രുദ്രം-1 വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രു രാജ്യങ്ങളുടെ റഡാറുകളും നീരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് തകർക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈലാണിത് (എൻ.ജി.എ.ആർ.എം).വ്യോമസേനയുടെ സുഖോയ് -30 എം.‌കെ‌.ഐ യുദ്ധവിമാനങ്ങളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് കൂടുതൽ വ്യോമമേധാവിത്വവും തന്ത്രപ്രധാന ശേഷിയും ആർജിക്കാൻ കഴിയും. ശബ്ദത്തിനേക്കാൾ ഇരട്ടി വേഗത്തിൽ ശത്രു രാജ്യത്തിന്റെ റഡാറിനെ തകർക്കാനാകുമെന്നതാണ് ആന്റി റേഡിയേഷൻ മിസൈലിന്റെ പ്രത്യേകത.

250 കിലോമീറ്റർ പരിധിക്കുള്ളിൽ വിവിധ ശ്രേണിയിലുള്ള റേഡിയേഷൻ ഉറവിടങ്ങളെ അതിവേഗത്തിൽ തിരിച്ചറിയാനുള്ള ശേഷിയും രുദ്രത്തിനുണ്ട്.ശത്രു റഡാറിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതിന് ശേഷവും ആവശ്യമെങ്കിൽ മിസൈലിന്റെ ലക്ഷ്യം പുനഃക്രമീകരിക്കാൻ സാധിക്കുമെന്നതും ആന്റി റേഡിയേഷൻ മിസൈലിന്റെ മറ്റൊരു പ്രത്യേകതയാണ്. മിസൈൽ വിക്ഷേപിച്ചതിന് ശേഷം ശത്രുക്കൾ അവരുടെ റഡാർ പ്രവർത്തന രഹിതമാക്കിയാലും ലക്ഷ്യത്തിലെത്തി അതിനെ ചാരമാക്കാനും ഈ മിസൈലുകൾക്ക് സാധിക്കും.രുദ്രം ഒന്ന് വിജയകരമായതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.

The New Generation Anti-Radiation Missile (Rudram-1) which is India’s first indigenous anti-radiation missile developed by @DRDO_India for Indian Air Force was tested successfully today at ITR,Balasore. Congratulations to DRDO & other stakeholders for this remarkable achievement.

— Rajnath Singh (@rajnathsingh) October 9, 2020