
മുംബയ്: ആധുനികയുടെ അതിപ്രസരം മൂലം മൺമറഞ്ഞ ഒരു വസ്തുവാണ് ടെപ്പ്റൈറ്റർ. എന്നാൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു കലാകാരനായ എ.സി ഗുരുമൂർത്തിയ്ക്ക് പെയിന്റിംഗ് ബ്രഷാണ് ടൈപ്പ് റൈറ്റർ. ടൈപ്പ്റൈറ്റർ ഉപയോഗിച്ച് അതിമനോഹരമായ ചിത്രങ്ങളാണ് മൂർത്തി വരയ്ക്കുന്നത്.
ഡോ. അജയത എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് ഗുരുമൂർത്തിയുടെ കരവിരുത് വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ബ്രൂസ് ലീയുടെ ഛായാചിത്രമാണ് ഗുരുമൂർത്തി ഒരുക്കുന്നത്. അതെ സമയം പശ്ചാത്തലത്തിൽ ഗുരുമൂർത്തി ടൈപ്പ് ചെയ്തു തയ്യാറാക്കിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും, ഇപ്പോഴത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളും കാണാം.
ഭാരതമാതാവിന്റെ ചിത്രവും ഗുരുമൂർത്തി തയ്യാറാക്കിയിരുന്നു. ഭാരതാംബയുടെ ത്രിശൂലത്തിൽ കൊറോണ വൈറസിനെ കോർത്തെടുത്ത പോലെയാണ് ടൈപ്പ് ചെയ്തു തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി ടൈപ്പ്റൈറ്ററുകൾ വഴി ഗുരുമൂർത്തി ഇത്തരം ഛായാചിത്രങ്ങൾ നിർമ്മിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യത്യസ്തമായ കലയിലൂടെ ഒരു ദിവസം ഗിന്നസ് റെക്കോർഡിൽ തന്റെ പേര് വരും എന്നും ഗുരുമൂർത്തി വിശ്വസിക്കുന്നു.