
ലഖ്നൗ : ഉത്തർപ്രദേശിലെ ബന്ദ മേഖലയിൽ സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. കൃത്യം നടത്തിയ ശേഷം ഭാര്യയുടെ തലയുമായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
നേതാനഗറിലെ വീട്ടിൽ വച്ച് രാവിലെ 7.30 ഓടെ പ്രതിയായ ചിന്നാർ യാദവും ഭാര്യ വിമലയും ( 37 ) തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. വഴക്ക് മൂർച്ഛിച്ചതോടെ യാദവ് മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയുടെ കഴുത്ത് വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ബബേറുവിലെ പൊലീസ് സ്റ്റേഷനിലേക്ക് ഭാര്യയുടെ തലയുമായി യാദവ് നടന്നു പോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.