bhima-koregaon

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ മലയാളിയും ഡൽഹി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബു ഉൾപ്പെടെ എട്ടുപേർക്കെതിരെ മുംബയ് കോടതിയിൽ എൻ.ഐ.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

വിദ്യാഭ്യാസ വിദഗ്ദ്ധനും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ പ്രൊഫസറുമായ ആനന്ദ് തെൽതുംബ്‌ഡെ, ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖ, കബിർ കലാ മഞ്ച് പ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ് ഗയ്‌ക്കോർ, ജ്യോതി ജഗ് താപ്, മിലിന്ദ് തെൽതുംബ്‌ഡെ,ഫാ.സ്റ്റാൻ സ്വാമി എന്നിവരാണ് മറ്റ് പ്രതികൾ. ആനന്ദ് തെൽതുംബ്‌ഡെയുടെ സഹോദരനായ മിലിന്ദ് ഒളിവിലാണ്. മറ്റുള്ളവർ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

ജാർഖണ്ഡ് കേന്ദ്രീകരിച്ച് ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന 83കാരനായ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയെ വ്യാഴാഴ്ച എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ മുംബയ് കോടതിയിൽ ഹാജരാക്കി. 23 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹാനി ബാബു, നവലാഖ എന്നിവരുമായി ഫാദർ ബന്ധപ്പെട്ടിരുന്നെന്നും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും മറ്റും ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിട്ടുണ്ടെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം.

പ്രതികൾക്കെല്ലാം നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും ഒളിവിലുള്ള മിലിന്ദ് തെൽതുംബ്ഡെ ഈ സംഘടനയുടെ ഉന്നത നേതാക്കളിലൊരാളാണെന്നുമാണ് എൻ.ഐ.ഐ ആരോപണം.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് കേസ്. 2017 ഡിസംബർ 31ന് പൂനെയിലെ ശനിവാർ വാഡയിൽ നടന്ന എൽഗാർ പരിഷദ് പരിപാടിയിലെ പ്രകോപന പ്രസംഗങ്ങൾ കലാപത്തിലേക്ക് വഴിവച്ചുവെന്നാണ് ആരോപണം.

സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം

അഞ്ചു പതിറ്റാണ്ടായി ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി. മാവോയിസ്റ്റ്സംഘടനകളുടെ രേഖകൾ സ്വാമിയുടെ പക്കൽ നിന്ന് കണ്ടെടുത്തെന്നും മറ്റു പ്രതികളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നുമാണ് എൻ.ഐ.എ പറയുന്നത്. ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് 83കാരനായ സ്റ്റാൻ സ്വാമി.