lic

ചെന്നൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി കുറിച്ചത് മികച്ച നേട്ടം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസക്കാലത്ത് (ഏപ്രിൽ - സെപ്‌തംബർ) ആദ്യവർഷ പ്രീമീയം വരുമാനമായി 25,000 കോടിയിലധികം രൂപയാണ് നേടിയത്.

ജീവൻശാന്തി പ്ളാൻ മുഖേന നടപ്പുവർഷത്തിന്റെ ആദ്യപകുതിയിൽ 11,456.41 കോടി രൂപ പുതു പ്രീമിയം ഇനത്തിൽ ലഭിച്ചു. യൂലിപ് ബിസിനസിലും മികച്ച വർദ്ധനയുണ്ട്. ഈവർഷം സെപ്‌തംബർ വരെയുള്ള കണക്കുപ്രകാരം 128.63 കോടി രൂപ വരുന്ന 16,844 പോളിസികളാണ് വിറ്റഴിച്ചത്. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 12,940 പോളിസികളായിരുന്നു. മുൻവർഷത്തെ ആദ്യവർഷ പ്രീമിയമായ 24.24 കോടി രൂപയേക്കാൾ 500 ശതമാനമാണ് വർദ്ധന.

പെൻഷൻ ആൻഡ് ഗ്രൂപ്പ് സ്‌കീമുകളിലൂടെ 62,112.27 കോടി രൂപയും സമാഹരിച്ചു. മൊത്തം പോളിസികളുടെ എണ്ണത്തിൽ 67.82 ശതമാനവും ആദ്യവർഷ പ്രീമിയങ്ങളിൽ 70.57 ശതമാനവുമാണ് എൽ.ഐ.സിയുടെ വിപണി വിഹിതം. നടപ്പുവർഷം സെപ്‌തംബർ വരെ 48,000 കോടി രൂപ മതിക്കുന്ന 82 ലക്ഷം ക്ളെയിമുകൾ എൽ.ഐ.സി തീർപ്പാക്കി.

51,000 കോടി രൂപയുടെ ബോണസും പോളിസി ഉടമകൾക്കായി എൽ.ഐ.സി പ്രഖ്യാപിച്ചു. കടപ്പത്രം, ഓഹരി വിപണി എന്നിവയിൽ എൽ.ഐ.സിയുടെ നിക്ഷേപം 2.44 ലക്ഷം കോടി രൂപയിൽ നിന്ന് 2.60 ലക്ഷം കോടി രൂപയായി ഉയർന്നു. മൂലധന വിപണിയിൽ നിന്ന് ഇതിനകം ഈവർഷം 15,000 കോടി രൂപ നേടിയെന്നും എൽ.ഐ.സി വ്യക്തമാക്കി.