
കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിൻ പരീക്ഷണങ്ങൾ ഇത് വരെ വിജയകരമെന്നും പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും പുതിയ റിപ്പോർട്ടുകൾ. ചണ്ഡിഗഢിലെ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് സെന്ററിൽ നടത്തിയ പഠനത്തിലാണ് വാക്സിൻ പരീക്ഷണങ്ങൾ ഇത് വരെ ഫലപ്രദമെന്ന് കണ്ടെത്തിയത്.
സന്നദ്ധപ്രവർത്തകരിൽ വാക്സിൻ കുത്തിവച്ചതിന് പിന്നാലെ കുറച്ചുപേർക്ക് പനി അല്ലെങ്കിൽ ശരീരവേദന വന്നുവെന്നത് ഒഴിച്ചാൽ വാക്സിൻ പൂർണവിജയമാണെന്നും മറ്റു പാർശ്വഫലങ്ങൾ ഒന്നും കാണിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാരണത്താൽ തന്നെ വാക്സിൻ പരീക്ഷണങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്ന 17 കേന്ദ്രങ്ങളിൽ ഒന്നാണ് പി.ജി.ഐ.എം. ഇവിടെ പരീക്ഷണങ്ങളിൽ പങ്കെടുത്ത 53 പേരും പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾ കാണിക്കാതെ വാക്സിനേഷൻ കാലാവധി പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. പി.ജി.ഐ.എമ്മിൽ ഇതുവരെ 97 സന്നദ്ധപ്രവർത്തകരെ പരിശോധിച്ചു. ഇവരിൽ 65 പേർക്ക് ഇതിനകം തന്നെ ഒന്നാം ഘട്ട വാക്സിൻ നൽകിയതായും അധികൃതർ പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിൻ പരീക്ഷണങ്ങൾ നടന്നുവരികയാണ്.