
ന്യൂഡൽഹി: എം.എസ് ധോണിയുടെ മകൾ സിവയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും ബലാത്സംഗ ഭീഷണിയും. കൊൽക്കത്ത നൈറ്റ് റെഡേഴ്സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തോൽവിക്ക് പിന്നാലെയാണ് ചിലർ സിവയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകൾക്ക് താഴെയാണ് അഞ്ചുവയസുകാരിയായ സിവയ്ക്കെതിരായ അധിക്ഷേപ കമന്റുകൾ. നേരത്തേയും മത്സരങ്ങൾ തോൽക്കുമ്പോൾ താരങ്ങളുടെ വീടുകൾക്ക് നേരെ ആക്രമണങ്ങളും കുടുംബാംഗങ്ങൾക്ക് നേരെ അധിക്ഷേപങ്ങളും ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടെങ്കിലും കൊച്ചുകുട്ടിക്കെതിരായ ഈ സംഭവം എല്ലാ അതിരുകളും ഭേദിക്കുന്നതായി. കൊൽക്കത്തയ്ക്കെതിരായ ചെന്നൈയുടെ തോൽവിയിൽ ധോണിയും കേദാർ ജാദവും ഏറെ പഴികേട്ടിരുന്നു.