covid-19-

ന്യൂഡൽഹി : കൊവിഡ് 19 രോഗബാധ കണ്ടെത്തുന്നതിന് പുത്തൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ചർച്ചയിലാണ് ഇന്ത്യയും ഇസ്രയേലും. നിലവിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും ലളിതവും ദ്രുതഗതിയിൽ കൃത്യമായ ഫലം ലഭ്യമാക്കുന്നതുമായ സാങ്കേതികവിദ്യയാണിത്. ഇതു പുറത്തിറങ്ങിയാൽ കൊവിഡ് പരിശോധന നടത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. കാരണം, ഒരു ട്യൂബിലേക്ക് ഒന്ന് ഊതിയാൽ മാത്രം മതി. ഒരു മിനിറ്റിനുള്ളിൽ കൊവിഡ് ഫലം റെഡി. !

ഇന്ത്യൻ, ഇസ്രയേലി ശാസ്ത്രജ്ഞർ സംയുക്തമായാണ് ഈ കിറ്റ് വികസിപ്പിക്കുന്നത്. കൊവിഡ് പോരാട്ടത്തിൽ ഈ പരിശോധനാ സംവിധാനം വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പരിശോധനാ കിറ്റ് തയാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മാൽക പറഞ്ഞു.

ഈ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ നിർമാണകേന്ദ്രം ഇന്ത്യയാകണമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്ന് റോൺ മാൽക പറ‌ഞ്ഞു. ' പുതിയ റാപ്പിഡ് ടെസ്റ്റ് പ്രോജക്ട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി വിശ്വസനീയവും കൃത്യവുമായ ഒരു സാങ്കേതികവിദ്യ അല്ലെങ്കിൽ നിലവിൽ വിശകലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന നാല് വ്യത്യസ്ത സാങ്കേതികവിദ്യകളിൽ നിന്നും ഒന്നിലധികം എണ്ണത്തിന്റെ സംയോജനത്തിലേക്കോ എത്തിച്ചേരാൻ രണ്ടോ മൂന്നോ ആഴ്ചയിൽ കൂടില്ല ' മാൽക പറഞ്ഞു.

കൊവിഡ് പരിശോധനാ കിറ്റിനായി നാല് തരം സാങ്കേതികവിദ്യകൾ ഇന്ത്യൻ - ഇസ്രയേലി ശാസ്ത്രജ്ഞർ സംയുക്തമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ബ്രീത്ത് അനലൈസർ, വോയ്സ് ടെസ്റ്റ്, ഉമിനീരിൽ നിന്നും കൊവിഡ് കണ്ടെത്തുന്ന ഐസോതെർമൽ ടെസ്റ്റ്, പോളി അമിനോ ആസിഡ് ടെസ്റ്റ് എന്നിവയാണ് ഈ നാല് സാങ്കേതികവിദ്യകൾ. ഇതിനായി ഇന്ത്യയിൽ നിന്നും വൻ തോതിൽ സാമ്പിളുകൾ ശേഖരിച്ച് ഗവേഷകർ പരീക്ഷണങ്ങൾ നടത്തി വരികയാണ്.

ദ ഡിഫെൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് ഒഫ് ഇസ്രയേൽ, ദ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ, കൗൺസിൽ ഒഫ് സയന്റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് എന്നിവ സംയുക്തമായാണ് കൊവിഡ് പരിശോധനയ്ക്കുള്ള റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നത്. 25,000ത്തിലേറെ സാമ്പിളുകളാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങൾക്കായി ശേഖരിച്ചത്. പത്തോളം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന നാലെണ്ണം തിരഞ്ഞെടുത്തിരിക്കുന്നത്. എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഈ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.