biplav-kumar

അഗ‍ർത്തല: സ്വാമി വിവേകാനന്ദന്റെ ചിത്രം വീടുകളിൽ തൂക്കിയാൽ അടുത്ത മുപ്പത് വർഷം ബിജെപി അധികാരത്തിൽ തുടരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മഹിളാ മോർച്ചാ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ എല്ലാവരും പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

"കമ്മ്യൂണിസ്റ്റ് നേതാക്കളായ ജ്യോതി ബസു, ജോസഫ് സ്റ്റാലിൻ, മാവോ സേദൂംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾ വീട്ടിലെ സ്വീകരണമുറിയിൽ തൂക്കിയിരിക്കുന്നത് എന്റെ ഗ്രാമത്തിൽ പോലും ഞാൻ കണ്ടിട്ടുണ്ട്. നമുക്ക് സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങൾ തൂക്കിക്കൂടേ?

നമ്മുടെ പാർട്ടി നമ്മുടെ ആശയങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കും. ത്രിപുരയിലെ 80 ശതമാനം വീടുകളിലെങ്കിലും സ്വാമിയുടെ ചിത്രം തൂക്കിയാൽ ഈ സർക്കാർ 30 - 35 വർഷമെങ്കിലും ഭരിക്കും." - ബിപ്ലബ് പറഞ്ഞു.

"കുറച്ച് സംസാരിക്കാനാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത്. നിശബ്ദരാകുകയും ജോലിയിൽ ശ്രദ്ധിക്കുകയും വേണം. അധികം സംസാരിച്ചാൽ ഊർജം പാഴാകും. അതുകൊണ്ട് നാം നമ്മുടെ ഊർജം പാഴാക്കിക്കൂടാ. ഇന്ത്യൻ സംസ്കാരവും പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കണമെന്നും ബിപ്ലബ് കുമാർ പ്രവർത്തകരോടു പറഞ്ഞു.