
ഷാർജ: പ്രിയപ്പെട്ട ഗ്രൗണ്ടായ ഷാർജയും രാജസ്ഥാൻ റോയൽസിനെ തുണച്ചില്ല. ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 46 റൺസിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 19.4 ഓവറിൽ 138 റൺസിന് ആൾഔട്ടാവുകയായിരുന്നു. രാജസ്ഥാന്റെ തുടർച്ചയായ നാലാമത്തെ തോൽവിയാണിത്. ഇന്നലത്തെ ജയത്തോടെ ആറ് കളികളിൽ നിന്ന് അഞ്ച് ജയവുമായി ഡൽഹി പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഡൽഹിയുടെ മൂർച്ചയേറിയ ബൗളിംഗിനു മുന്നിൽ രാജസ്ഥാൻ ബാറ്റിംഗ് നിര ചൂളിപ്പോവുകയായിരുന്നു. 29 പന്തിൽ 38 റൺസെടുത്ത രാഹുൽ തെവാതിയയ്ക്കും 36 പന്തിൽ 34 റൺസെടുത്ത യശ്വസി ജയ്സ്വാളിനും നായകൻ സ്റ്റീവൻ സ്മിത്തിനും (17 പന്തിൽ 24) മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായില്ല. മലയാളി താരം സഞ്ജു സാംസൺ 9 പന്ത് നേരിട്ട് 5 റൺസുമായി പുറത്തായി. ഷാർജയിൽ ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു അർദ്ധ സെഞ്ച്വറി നേടിയിരുന്നു. സ്റ്റോയിനിസിന്റെ പന്തിൽ ഹെറ്റ‌്‌മേയർ പിടികൂടിയാണ് സഞ്ജു പുറത്തായത്. ഡൽഹിക്കായി കഗിസോ റബാഡ മൂന്നും അശ്വിനും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തേ അവസാന ഓവറുകളിലെ ആഞ്ഞടിയാണ് ഡൽഹിയെ മികച്ച സ്കോറിൽ എത്തിച്ചത്. 24 പന്തിൽ 1 ഫോറും 5 സിക്സും ഉൾപ്പെടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കെട്ടഴിച്ച ഹെറ്റ്‌മേയറാണ് ഡൽഹി ബാറ്റിംഗ് നിരയിലെ നെടും തൂണായത്. മാർകസ് സ്റ്റോയിനിസ് (30 പന്തിൽ 39), ക്യാപ്ടൻ ശ്രേയസ് അയ്യർ (18 പന്തിൽ 22), പ്രിഥ്വി ഷാ (10 പന്തിൽ 19), അക്സർ പട്ടേൽ (8 പന്തിൽ 17) എന്നിവരും നിർണായക സംഭാവന നൽകി. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഹെറ്റ്‌മേയറിന്റെ ചുമലിലേറി ഡൽഹി മികച്ച സ്കോറിലേക്ക് കുതിച്ചത്.
രാജസ്ഥാനായി ജോഫ്ര അർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. കാർത്തിക് ത്യാഗി, ആന്ദ്രേ ടൈ, രാഹുൽ തെവാതിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ മത്സരം
പഞ്ചാബ് - കൊൽക്കത്ത
(വൈകിട്ട് 3.30 മുതൽ)
ചെന്നൈ- ബാംഗ്ലൂർ
(രാത്രി 7.30 മുതൽ)