
ഹൈദരാബാദ്: തന്റെ കുഞ്ഞനുജത്തിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കൈ വെട്ടിമാറ്റി പതിനഞ്ചു വയസുകാരി. ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കന്നുകാലികൾക്ക് തീറ്റ നൽകുന്നതിനായി കാട് നിറഞ്ഞ പ്രദേശത്തെത്തിയതായിരുന്നു സഹോദരിമാർ. ഇവരെ പിന്തുടര്‍ന്ന ശങ്കരപ്പ എന്നയാള്‍ കുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
അനിയത്തിയുടെ അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പെണ്‍കുട്ടി ശങ്കരപ്പയോട് തങ്ങളെ വെറുതെ വിടാൻ പറഞ്ഞുകൊണ്ട് പെൺകുട്ടി താക്കീത് ചെയ്തുവെങ്കിലും ഇത് അവഗണിച്ച് ഇയാൾ ആക്രമണം തുടർന്നപ്പോഴാണ് കൈയിലുള്ള അരിവാളുകൊണ്ട് ശങ്കരപ്പയുടെ കൈത്തണ്ടയ്ക്ക് പതിനഞ്ചുകാരി വെട്ടിയത്.
പെട്ടെന്നുതന്നെ കുട്ടിയെ ഇയാൾ തന്റെ പിടിയില്‍ നിന്നും മുക്തയാക്കുകയും ചെയ്തു. തുടർന്ന് അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ശങ്കരപ്പയെ അറസ്റ്റ് ചെയ്ത പൊലീസ് ആശുപത്രിയിലാക്കിയിട്ടുണ്ട്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കുമേൽ പൊലീസ് ചുമത്തിയത്.