
കൊച്ചി: യു.എ.ഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 10.30-ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി പത്ത് മണിയോടെയാണ് അവസാനിച്ചത്. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു 11 മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യൽ.ഇത് നാളെയും തുടരും.
എം.ശിവശങ്കറിന്‍റെ നിർദേശ പ്രകാരമാണ് യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെ സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോൾ ലംഘനം, ഇതിന്റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണകളളക്കടത്ത് നടത്തിയിട്ടുണ്ടെോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
ഇതിനിടെ കേസിൽ അന്വേഷണം തുടരുകയാണെന്നും സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്നും എൻഫോഴ്സ്മെന്‍റ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. കേസിൽ വരുന്ന ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.