pic

ഹാഥ്‌രസ്: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പെൺകുട്ടിയുടെ കുടുംബം. കുടുംബാംഗങ്ങളുടെ അടിയേറ്റാണ്‌ പെൺകുട്ടി മരിച്ചതെന്ന് കേസിലെ മുഖ്യപ്രതി സന്ദീപ്‌ സിംഗ് പുറത്തുവിട്ട‌ കത്തിൽ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചാണ് കുടുംബം രംഗത്തുവന്നത്. പെൺകുട്ടിയുടെ സഹോദരനും സന്ദീപ്‌ സിംഗും പതിവായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന യു.പി പൊലീസിന്റെ വാദവും കുടുംബം നിഷേധിച്ചു.

"പ്രതികൾ കിംവദന്തികൾ പ്രചരിപ്പിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് പ്രതികളുമായി യതോരു ബന്ധവുമില്ല. ഫോൺ രേഖകൾ എന്നെ കാണിക്കു.അതെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണ്." പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

ബലാത്സംഗം നടന്നിട്ടില്ലെന്ന്‌ പൊലീസ്‌ പറയുന്നത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സന്ദീപ്‌ സിംഗിന്റെ കുടുംബപാടങ്ങളിൽ പണിയെടുക്കുന്നവരാണ്‌ പെൺകുട്ടിയുടെ കുടുംബം. തൊഴിൽസംബന്ധമായി പലപ്പോഴും ഫോണിൽ സംസാരിച്ചിട്ടുണ്ട്‌. ഇതിനെയാണ്‌ പൊലീസ്‌ ദുർവ്യാഖ്യാനം ചെയ്യുന്നതെന്ന്‌ പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. താനും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നെന്നും ഇത്‌ ഇഷ്ടപ്പെടാതെ കുടുംബാംഗങ്ങൾ മർദിച്ചതിനെത്തുടർന്നാണ്‌ മരണം സംഭവിച്ചതെന്നുമാണ് കേസിലെ മുഖ്യപ്രതിയായ‌ സന്ദീപ്‌ സിംഗിന്റെ ആരോപണം.