
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത് ലക്ഷം പിന്നിട്ടു. ഇതുവരെ 3,70,92,253 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ആകെ മരണസംഖ്യ 10,72,146 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2,7879,779 ആയി.
അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 78 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനെട്ടായിരം കടന്നു.50,59,889 പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പുതിയ കൊവിഡ് കേസുകളിൽ 20 ശതമാനത്തോളം കുറവുണ്ടായി. സെപ്തംബർ പകുതിയിൽ ഒരു ലക്ഷത്തോളം എത്തിയ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ ശരാശരി 75000 എന്ന നിലയിലേക്ക് കുറഞ്ഞു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം എഴുപത് ലക്ഷത്തോടടുത്തു. മരണം 1.07 ലക്ഷമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തിനു താഴെയായി. ആകെ രോഗികളിൽ 12.94 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തർ 59,06,069. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 50 ലക്ഷം (50,12,477) കവിഞ്ഞു.
അതേസമയം, വിവിധ രാജ്യങ്ങൾ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ കീഴിൽ നടക്കുന്ന കൊവാക്‌സ് പരീക്ഷണങ്ങൾക്ക് ചൈന പിന്തുണ നൽകിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഏത് തലത്തിലുള്ള പിന്തുണയാണ് നൽകുകയെന്ന കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. കൊവാക്സിനെ പിന്തുണയ്ക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുമെന്നാണു പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.