students

ജീവൻ പണയം വച്ച് നേടിയ വിദ്യാഭ്യാസം. പ്രാസത്തിന് പറയുന്നതല്ല. യഥാർത്ഥത്തിൽ അത് അങ്ങനെ തന്നെയാണ്. കുത്തിയൊഴുകുന്ന നദിക്ക് മുകളിലൂടെ കയറിൽ തൂങ്ങിക്കിടന്ന് മറുകര പറ്റുന്ന വിദ്യാർത്ഥികൾ. അഞ്ചു വയസുകാരി മുതൽ പതിനഞ്ചുകാരൻ വരെയുണ്ട് കൂട്ടത്തിൽ. നല്ല ഭാവിക്ക് വേണ്ടിയുള്ള യാത്ര!. ലോകത്തിൽ ഏറ്റവും അപകടം പിടിച്ച സ്കൂൾ യാത്രയെന്നാണ് ലോക മാദ്ധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ നേപ്പാളിലെ മലമടക്കുകളിൽ സ്ഥിതി ചെയ്യുന്ന കുംപുർ ഗ്രാമത്തിലെ കുട്ടികളുടെ സ്കൂൾ യാത്രയാണിത്. വീട്ടുപടിക്കൽ നിന്ന് ബസിൽ കയറി സ്കൂളിലെത്തുന്ന കുട്ടികളെ കണ്ട് ശീലിച്ച നമുക്ക് ഈ കുട്ടികൾ നടത്തുന്ന പോരാട്ടം അവിശ്വസനീയതയുടെ മേമ്പൊടിയോടെ മാത്രമേ നോക്കിക്കാണാനാവൂ. കയറിൽ തൂങ്ങി നദി കടക്കുന്ന ഈ കുട്ടികളുടെ യാത്ര കണ്ട് അഡ്വഞ്ചർ ടൂറിസമാണോ ഇതെന്ന് തെറ്റിദ്ധരിക്കുന്നവർ പോലുമുണ്ട്. കാൽനടയായോ, വാഹനങ്ങളിലോ സ്കൂളിലെത്താനുള്ള ഭാഗ്യം ഈ കുട്ടികൾക്കില്ല. കാരണം ചെങ്കുത്തായ മലനിരകളിൽ താമസിക്കുന്ന ഇവർക്ക് അത്തരം ഗതാഗതം സാദ്ധ്യമാക്കുക അപ്രായോഗികമാണെന്നാണ് നേപ്പാൾ സർക്കാർ പറയുന്നത്. മലമുകളിലെ കാട്ടിനുള്ളിൽ കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണർക്കും സ്വപ്നങ്ങളുണ്ട്. അവരുടെ മക്കളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠയുണ്ട്. വിദ്യാഭ്യാസം നേടുകയാണ് ജീവിതത്തിൽ പരമപ്രധാനമെന്നും നല്ല ഭാവിക്ക് അതാണ് ഏക വഴിയെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ കിലോമീറ്ററുകൾ അപ്പുറമുള്ള സ്കൂളിലെത്താൻ അപകടം പിടിച്ച ത്രീശൂലി നദി കടക്കണം. പാലമില്ലാത്തതിനാൽ കയറിൽ തൂങ്ങിപ്പോകുകയേ നിവൃത്തിയുള്ളൂ. ഏറ്റവും അപകടകരമാണെന്ന് അറി‌ഞ്ഞുകൊണ്ടു തന്നെ!.

മരണത്തോട് മുഖാമുഖം

ഏറ്റവും സാഹസികവും അപകടകരവുമായ മൂന്ന് മണിക്കൂർ നീളുന്ന, മരണത്തെ മുഖാമുഖം കാണുന്ന യാത്രയ്ക്കൊടുവിലാണ് ഈ കുരുന്നുകൾ ദിവസവും സ്കൂളിലെത്തുക. വൈകിട്ട് തിരിച്ചും ഇതേ യാത്ര തന്നെ. മൂന്നു വയസ് മുതലുള്ള കുട്ടികൾ എന്നും ഇത്തരത്തിൽ യാത്ര ചെയ്യുന്നു. കുംപുരിലെ മുതിർന്നവർക്ക് അവരുടെ പിഞ്ചോമനകളെ അനുഗമിക്കാൻ കഴിയില്ല. കാരണം കൃഷിയിടങ്ങളിൽ നിന്ന് വിട്ടുനിന്നാൽ അന്നം മുടങ്ങുന്ന സാഹചര്യമാണുള്ളത്. കൃഷിടങ്ങളിൽ കുട്ടികളുടെ മടങ്ങിവരവും കാത്ത്, ഉള്ളിൽ തീയുമായി ആശങ്കയുടെ മണിക്കൂറുകൾ തള്ളിനീക്കുകയേ ഇവർക്ക് വഴിയുള്ളൂ. കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാകാൻ വിദ്യാഭ്യാസത്തിലൂടെയേ കഴിയൂ എന്ന വിശ്വാസമാണ് എല്ലാം സഹിക്കാൻ അവർക്ക് ശക്തി പകരുന്നത്.

കുംപുർ

ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാജ്യമായ നേപ്പാളിലെ ബാഗ് മതി മേഖലയിൽ ധാഡിംഗ് ജില്ലയിലാണ് കുംപുർ . പതിനെട്ട് പാടങ്ങളും കൃഷിയെ ആശ്രയിച്ച് കഴിയുന്ന എണ്ണായിരത്തോളം വരുന്ന ജനസംഖ്യയും അടങ്ങിയ ഗ്രാമം. കുത്തിയൊഴുകുന്ന ത്രിശൂലി നദിയാണ് മലമുകളിലുള്ള കുംപുരിനെ പുറംലോകത്ത് നിന്ന് ഒറ്റപ്പെടുത്തുന്നത്. ത്രിശൂലി നദി കടന്ന് ആറ് കിലോമീറ്റർ അകലെയുള്ള ഗജൂറി എന്ന ചെറുപട്ടണത്തെയാണ് ഇവർ എല്ലാത്തിനും ആശ്രയിക്കുന്നത്.

സ്‌കൂൾ യാത്ര

സാധാരണ കുട്ടികളെപ്പോലെ ഉറക്കമുണർന്ന് കുളിച്ച് ഭക്ഷണം കഴിച്ച് സ്‌കൂളിൽ പോകാനൊന്നും കുംപുരിലെ കുട്ടികൾക്ക് കഴിയില്ല. നാലോ അഞ്ചോ വയസ് മുതൽ തന്നെ അവർ മാതാപിതാക്കളെ കൃഷിയിലും വീട്ടുജോലിയിലും സഹായിക്കാൻ തുടങ്ങും. പുലർച്ചെ ഉണർന്ന് രണ്ട് മണിക്കൂറെങ്കിലും മാതാപിതാക്കളെ സഹായിച്ചതിന് ശേഷം വേണം സ്കൂളിൽ പോകാൻ. ഏഴ് മണിക്ക് പുറപ്പെട്ടാലേ പത്തുമണിയോടെ സ്‌കൂളിലെത്താനാകൂ. മുതിർന്ന കുട്ടികൾ മറ്റ് വീടുകളിലെ ചെറിയ കുട്ടികളെ ഒപ്പം കൂട്ടും. നാല് വയസുള്ള കുഞ്ഞിനെയൊക്കെ ഇങ്ങനെ അയയ്ക്കുന്ന അച്ഛനമ്മമാരുടെ വേദന വലുതാണ്. ഏഴുമണിയോടെ പല വീടുകളിലെ കുട്ടികൾ ചേർന്ന് ഏഴെട്ട് പേരടങ്ങുന്ന സംഘമായി പുറപ്പെടും. ചെങ്കുത്തായ, കല്ലുകൾ നിറഞ്ഞ അപകടകരമായ വഴിയിലുടെ താഴേക്കുള്ള നടത്തത്തിനിടെ അപകടങ്ങൾ സാധാരണമാണ്. മഴ പെയ്യുമ്പോൾ പറയുകയും വേണ്ട. വിജനമായ വഴിയിൽ വന്യമൃഗങ്ങളുടെ ആക്രമണവും അപൂർവമല്ല. ദീർഘനേരം നടന്ന് വേണം താഴെയുള്ള പുഴക്കരയിലെത്താൻ.

ഇനി യഥാർത്ഥ

പരീക്ഷണം

അലറിയൊഴുകുന്ന ത്രിശൂലീ നദി കടക്കണം. പാലമൊന്നുമില്ല, 'ടുയിൻ ' എന്ന റോപ് വേ ആണ് ഏക മാർഗം. ഇരുകരകളിലായി ഉറപ്പിച്ച രണ്ട് ഉരുക്ക് കയറുകളും അവയിൽ കപ്പിയിൽ തൂങ്ങി കിടക്കുന്ന ഒരു ഇരുമ്പ് കൂടയുമാണ് ടുയിൻ. അയച്ച് കെട്ടിയ ഉരുക്ക് വടങ്ങളുടെ നടുഭാഗം താഴ്ന്നിട്ടാണ്. അതിനാൽ പകുതി യാത്ര ഇറക്കവും പിന്നെ കയറ്റവുമാണ്. നദിയുടെ മദ്ധ്യഭാഗമെത്തുമ്പോൾ രണ്ട് മുതിർന്ന കുട്ടികൾ ഉരുക്ക് വടങ്ങളുടെ മുകളിൽ കയറി കൂടയെ തള്ളി മറുകരയെത്തിക്കും. സർക്കസ് അഭ്യാസികളെ പോലെ ഏതാനും സെന്റിമീറ്ററുകൾ മാത്രം വ്യാസമുള്ള റോപ്പിലൂടെ നടന്നാണ് അവർ കൂട മുന്നോട്ട് ചലിപ്പിക്കുക. ആദ്യമായി കാണുന്നവർക്ക് ശ്വാസം നിലച്ച് പോകുന്ന കാഴ്ചയാണത്. ചെറിയ അശ്രദ്ധ മതി നദിയിലേക്ക് പതിക്കാൻ . മറ്റു ചില ഗ്രാമങ്ങളിൽ സമാന അപകടങ്ങളിൽ കുട്ടികൾ മരിച്ചിട്ടുണ്ട്. കപ്പിയുടെ ഇടയിൽ വിരൽ അകപ്പെട്ടുള്ള പരിക്കുകൾ മുതിർന്നവർക്കും ഉണ്ടാകാറുണ്ട്. നദിക്കരയിലെത്തുമ്പൊ കൂട മറുവശത്താണെങ്കിൽ ചിലപ്പൊ മണിക്കൂറുകൾ കാത്തുനിന്നാലാകും ഇക്കരയ്ക്ക് ആരെങ്കിലും വരിക.

തീർന്നില്ല യാത്രാ ദുരിതം

മറുവശത്തെത്തിയാലും തീർന്നില്ല യാത്രാ ദുരിതം. ഹൈവേയിലൂടെ പോകുന്ന ഏതെങ്കിലും ഡ്രൈവറുടെ മനസലിഞ്ഞാലേ ഗജൂറി എന്ന ചെറുപട്ടണത്തിലെ തങ്ങളുടെ സ്കൂളിൽ എത്തുകയുള്ളൂ. ഈ അങ്കമെല്ലാം കഴിഞ്ഞ് മിക്കവാറും വൈകിയാവും എത്തുക. ടീച്ചറുടെ ശകാരം ഉറപ്പ്. പഠനത്തിൽ കുംപുറിലെ കുട്ടികൾ പൊതുവേ പിന്നിലാണ്. മടക്ക യാത്രയെപ്പറ്റിയുള്ള ചിന്ത പഠനത്തിൽ ശ്രദ്ധക്കുറവുണ്ടാക്കുന്നുവെന്നാണ് അദ്ധ്യാപകർ പറയുന്നത്. യാത്രാക്ഷീണവും വീട്ടുജോലികളും വീട്ടിലിരുന്ന പഠനം അസാദ്ധ്യമാക്കുന്നു. കുട്ടികളുടെ ടുയിൻ യാത്രയെപ്പറ്റി അറിഞ്ഞ ഒരു വിദേശ കമ്പനി പാലം പണിയാൻ മുന്നോട്ട് വന്നത് ഏറെ പ്രതീക്ഷയോടെയാണ് ഗ്രാമീണർ കാണുന്നത്.