bhagyalakshmi

തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് യൂട്യൂബിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയേയും, സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

എന്നാൽ സ്ത്രീകളാണന്നുള്ള പരിഗണനയോടെ തുടർ നടപടി സ്വീകരിക്കാനാണ് പൊലീസിന് കിട്ടിയ നിർദേശമെന്നാണ് സൂചന. ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഇവർക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല, ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്‌തത്, സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിയ്‌ക്കുണ്ടെന്നും അതിൽ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു.

സെ‌പ്‌തംബർ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ ഇവർ കരി ഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്.