murder-cae

മലപ്പുറം: തിരൂർ കൂട്ടായിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസർ അറാഫത്താണ്(26) മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.


മദ്യപിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്.യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിനടുത്തുള്ള സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കല്‍ പതിവാണ്. തൊട്ടടുത്ത വീട്ടിലെ ഏണീന്റെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ താക്കീത് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി.

തർക്കമുണ്ടായതോടെ യാസറും സംഘവും സംഭവ സ്ഥലത്തുനിന്ന് പോയി. കുറച്ചുസമയത്തിന് ശേഷം വീണ്ടും തിരിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. ഇതോടെ സംഘർഷമുണ്ടായി. അബൂബക്കറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്ക് കുത്തേറ്റു. ഇവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യാസർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.