
ആലപ്പുഴ: മുൻ കേരളാ രഞ്ജി താരം സുരേഷ് കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരമാണ്. ഉംബ്രി എന്ന പേരിലാണ് സുരേഷ് കമാർ അറിയപ്പെട്ടിരുന്നത്. റെയിൽവേയിൽ ജോലി ചെയ്‌ത് വരികയായിരുന്നു.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു സുരേഷ്. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിംഗും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്. ഏഴ് അർദ്ധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ സുരേഷ് കുമാർ 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.