modi

ന്യൂഡൽഹി: ലോക് ജൻശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തോടെ എൻ.ഡി.എ സർക്കാരിന്റെ ക്യാബിനറ്റിൽ ബി.ജെ.പി ഇതര മന്ത്രിമാരുടെ സാന്നിദ്ധ്യമില്ലാതായി. അടുത്തിടെ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ അംഗം ഹർസിമ്രത് കൗർ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതോടെ 51 അംഗങ്ങളുള്ള മന്ത്രിസഭയിൽ പാസ്വാൻ മാത്രമായിരുന്നു ഏക ബി.ജെ.പി ഇതര മന്ത്രി.

സാമൂഹിക നീതി വകുപ്പ് സഹ മന്ത്രിയായിരുന്നു രാം വിലാസ് പാസ്വാൻ.കേന്ദ്രത്തിലെ ഒരു സഖ്യസര്‍ക്കാരിന്റെ ക്യാബിനറ്റില്‍ ഒരു പാര്‍ട്ടിയിൽ നിന്നുള്ള അംഗങ്ങള്‍ മാത്രമാവുന്നത് 1977 ന് ശേഷം ആദ്യമായിട്ടാണ്. കഴിഞ്ഞ വർഷമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള 24 രാഷ്ട്രീയ പാര്‍ട്ടികളുള്‍ക്കൊള്ളുന്ന സർ‌ക്കാർ വീണ്ടും അധികാരത്തിലേറിയത്. സഖ്യ കക്ഷികൾക്ക് മൂന്ന് സ്ഥാനങ്ങളാണ് നൽകിയിരുന്നത്.

ശിവസേനയില്‍ നിന്നുള്ള അനന്ത് ഗീതയ്ക്കും, അകാലിദളിന്റെ ഹര്‍സിമ്രത് കൗറിനും,എൽ.ജെ.പി പാർട്ടി നേതാവായ രാംവിലാസ് പാസ്വാനുമായിരുന്നു നറുക്ക് വീണത്. ബി.ജെ.പിയും ശിവസേനയും തെറ്റിപിരിഞ്ഞതോടെ ഉദ്ധത് താക്കറെയുടെ നിർദ്ദേശം അനുസരിച്ച് അനന്ത് ഗീത രാജിവച്ചിരുന്നു.

ഒക്ടോബർ എട്ടിനാണ് രാം വിലാസ് പാസ്വാൻ അന്തരിച്ചത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.