
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന വെളളിയാഴ്ച രാത്രി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതിനിടെ സുരക്ഷാ സേനയുടെ നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെടുകയായിരുന്നു.
ഏത് തീവ്രവാദി വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഒക്‌ടോബർ 7ന് ഷോപിയൻ ജില്ലയിലെ സുഗാൻ സൈനാപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. സമാനമായ സംഭവത്തിൽ സെപ്‌തംബർ 27ന് അവന്തിപോറ ജില്ലയിലെ സാംബൂറ പ്രദേശത്തും രണ്ട് ഭീകരരെ കൊലപ്പെടുത്തിയിരുന്നു