
തിരുവനന്തപുരം: രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ അപമാനിച്ച ഡിവൈ.എസ്.പിയെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഡിവൈ.എസ്.പിയായ പി.എസ്. സുരേഷിനെയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സസ്‌പെൻഡ് ചെയ്തത്.
പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് പരാതിക്കാരി. 2016 ജൂലായ് 9നാണ് കേസിനാനാസ്‌പദമായ സംഭവം നടന്നത്. രാത്രി എട്ടിനും 10നും ഇടയിൽ പട്ടാമ്പിയിലെ തന്റെ വീട്ടിൽ ഡിവൈ.എസ്.പി അതിക്രമിച്ചു കയറുകയും സ്ത്രീതത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് സുരേഷ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞു. ഡിവൈ.എസ്.പി യുവതിയുടെ വീട്ടിൽ പോയതായും കണ്ടെത്തി. സുരേഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ സുരേഷ് അച്ചടക്കം ലംഘിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. മോശം പെരുമാറ്റത്തിലൂടെ പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തിയെന്നും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തു. വകുപ്പുതല അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ശുപാർശയുണ്ട്.